ക്യാപ്റ്റന്‍ സഞ്ജു മിന്നിയിട്ടും വിജയം കാണാതെ റോയല്‍സ്

ഐപിഎല്‍ യുഎഇ ലെഗില്‍ രാജസ്ഥാന്‍ റോയല്‍സിന് നിരാശപ്പെടുത്തുന്ന മത്സരഫലം. മലയാളി ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മുന്നില്‍ 33 റണ്‍സിന് മുട്ടുകുത്തി. ജയത്തോടെ പോയിന്റ് ടേബിളില്‍ തലപ്പത്ത് കയറിയ ഡല്‍ഹി (16) ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. എട്ട് പോയിന്റുള്ള റോയല്‍സ് ആറാം സ്ഥാനത്താണ്. സ്‌കോര്‍:154/6 (20 ഓവര്‍). റോയല്‍സ്- 121/6 (20).

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കിയ അത്ര വലുതൊന്നുമല്ലാത്ത ലക്ഷ്യം തേടിയ റോയല്‍സ് നിരയില്‍ 70 റണ്‍സുമായി പുറത്താകാതെ സഞ്ജു മാത്രമേ തിളങ്ങിയുള്ളൂ. എട്ടു ഫോറും ഒരു സിക്‌സുമായി ഒരറ്റംകാത്ത സഞ്ജുവിന് സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. പവര്‍ പ്ലേയില്‍ തുടങ്ങിയ വിക്കറ്റ് വേട്ട ഡല്‍ഹി ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചപ്പോള്‍ റോയല്‍സ് നിഷ്പ്രഭമായി.

ഓപ്പണര്‍മാരായ ലിയാം ലിവിങ്സ്റ്റണ്‍ (1), യശ്വസി ജയ്സ്വാള്‍ (5), മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ (7) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ട റോയല്‍സിന് പിന്നീടൊരു തിരിച്ചുവരവിന് ക്യാപ്പിറ്റല്‍സ് ബോളര്‍മാര്‍ അവസരം നല്‍കിയില്ലെന്നു പറയാം. മഹിപാല്‍ ലാംറോര്‍ (19) മാത്രമേ സഞ്ജുവിന് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയുള്ളൂ. റിയാന്‍ പരാഗ് (2), രാഹുല്‍ തെവാതിയ (9) എന്നിവരൊക്കെ നിരാശപ്പെടുത്തി. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്ടിയ രണ്ട് വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡ, അശ്വിന്‍, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.