മഹേലയെ പിന്തിരിപ്പിച്ചത് ഒരേയൊരു കാര്യം; ബിസിസിഐയുടെ ഉറപ്പും വിശ്വാസത്തിലെടുത്തില്ല

കോടിക്കണക്കിന് ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ അതു നിരസിച്ചതയാണ് വിവരം. ലോക ക്രിക്കറ്റിലെ ഏറ്റവും പകിട്ടുള്ള പദവികളൊന്ന് മഹേല നിരസിച്ചതിന് പ്രധാന കാരണം ഇന്ത്യന്‍ ടീമിലെ ചേരിതിരിവാണെന്ന് പറയപ്പെടുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും അടക്കം ഒന്നിലധികം സൂപ്പര്‍ താരങ്ങളുള്ള ഇന്ത്യന്‍ ടീമിനെ നിയന്ത്രിക്കുകയെന്നത് വലിയ തലവേദനയാകുമെന്ന കണക്കുകൂട്ടലാണ് പരിശീലക പദവി വാഗ്ദാനം തള്ളിക്കളയാന്‍ മഹേല ജയവര്‍ധനെയെ പ്രേരിപ്പിച്ചതത്രെ. കോഹ്ലിയും രോഹിതും നല്ല രസത്തിലല്ലെന്നും ടീമില്‍ അന്ത: ച്ഛിദ്രം ഉടലെടെത്തെന്നുമുള്ള വാര്‍ത്തകള്‍ മഹേലയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് ക്രിക്കറ്റ് വിഗദ്ധര്‍ വിലയിരുത്തുന്നു.

ലങ്കന്‍ ക്രിക്കറ്റിന്റെ പരിതാപകരമായ അവസ്ഥയും ഇന്ത്യയെ തള്ളാന്‍ മഹേലയെ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു. പരിചയസമ്പത്തിനെ സ്വന്തം രാജ്യത്തെ ക്രിക്കറ്റിന്റെ പുരോഗതിക്ക് വിനിയോഗിക്കാതെ മറ്റൊരു അന്താരാഷ്ട്ര ടീമിനായി സമയം ചെലവിടുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെടുമെന്നതും മഹേലയുടെ ചിന്തയില്‍ വന്നിരിക്കാം.

Read more

ശ്രീലങ്കന്‍ ടീമിനെ പരിശീലിപ്പിക്കാനാണ് മഹേല താല്‍പര്യപ്പെടുന്നത്. ഐപിഎല്‍ കോച്ചിംഗിനും അദ്ദേഹം പ്രാമുഖ്യം നല്‍കുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുത്താല്‍ ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം മഹേലയ്ക്ക് ഉപേക്ഷിക്കേണ്ടിവരും. മുംബൈ ഇന്ത്യന്‍സിന്റെ കോച്ചാണ് മഹേല. ഇന്ത്യയിലെ ക്രിക്കറ്റ് നിയമ പ്രകാരം ഒരാള്‍ക്ക് ഇരട്ടപ്പദവി അനുവദനീയമല്ല. ഇതും ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകുന്നതില്‍ നിന്ന് മഹേലയെ പിന്തിരിപ്പിച്ചിട്ടുണ്ട്.