രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില് ഇന്ത്യക്കെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാനുവേണ്ടി അവസാന പ്രതിരോധത്തിന് ബാറ്റുമായെത്തിയ പേസ് ഇതിഹാസം വഖാര്‍ യൂനിസ് തീര്‍ത്ത ദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ എളുപ്പമൊന്നും മറക്കില്ല. ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ മുംബൈയില്‍ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ പത്ത് വിക്കറ്റ് എന്ന അത്യപൂര്‍വ്വ നേട്ടം കുറിക്കുമ്പോള്‍ വഖാറിന്റെ ചെയ്തികള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മയിലെത്തി.
1999 ലെ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യയുടെ അനില്‍ കുംബ്ലെ പത്ത് വിക്കറ്റ് കൊയ്യുന്നത് തടയാന്‍ വഖാര്‍ യൂനിസ് റണ്ണൗട്ടാകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വസീം അക്രത്തിനെ പുറത്താക്കി കുംബ്ലെ, വഖാറിന്റെ നീക്കം പൊളിച്ചു. അക്രം തന്നെയാണ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയത്.
കുംബ്ലെയ്ക്ക് പത്താം വിക്കറ്റ് ലഭിക്കാന്‍ പാക് ബാറ്റര്‍മാരെ ഔട്ടാക്കാതിരിക്കാന് ശ്രമിച്ച ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിന്റെ സഹതാര സ്നേഹവും ആരും മറക്കില്ല. എതിരാളിയുടെ ബാറ്റില്‍ നിന്ന് പരമാവധി അകറ്റി പന്തെറിഞ്ഞായിരുന്നു കുംബ്ലെയ്ക്കുവേണ്ടി ശ്രീനാഥ് വിക്കറ്റ് വീഴ്ത്താതിരിക്കാന്‍ ശ്രമിച്ചത്.
അതേസമയം, ഇക്കുറി അജാസ് പട്ടേലിന് അധികം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഇന്ത്യന്‍ വാലറ്റത്തിലെ ജയന്ത് യാദവിനെയും മുഹമ്മദ് സിറാജിനെയും വീഴ്ത്തിയ അജാസ് അനായാസം ചരിത്ര നേട്ടത്തിലെത്തിച്ചേര്‍ന്നു. പാകിസ്ഥാനെപോലെ, അജാസിന്റെ റെക്കോഡ് തടയാന്‍ ഇന്ത്യ കുതന്ത്രങ്ങളൊന്നും മെനയുകയും ചെയ്തില്ല.