അവസാനത്തെ ടെസ്റ്റ് മത്സരം അഭിമാനപ്രശ്‌നം ; കളിക്കു മുമ്പേ ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി; പ്രധാനതാരം പുറത്ത്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെ മത്സരത്തിന് മുമ്പേതന്നെ ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി. പരിക്കേറ്റ പ്രധാന താരമില്ലാതെ കളിക്കേണ്ടി വരും. ബംഗലുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പിങ്കബോള്‍ ടെസ്റ്റില്‍ പുതും നിസ്സാങ്കയുടെ സേവനമാണ് ശ്രീലങ്കയ്ക്ക് നഷ്ടമാകുക. ഇത് രണ്ടാം മതസരത്തില്‍ അഭിമാനം തിരിച്ചുപിടിക്കാന്‍ ഇറങ്ങുന്ന ശ്രീലങ്കന്‍ ബാറ്റിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയായി മാറിയേക്കും.

നിസ്സാങ്കയുടെ പകരക്കാരനായി ദിനേശ് ചാണ്ഡിിമലോ കുശാല്‍ മെന്‍ഡിസ് ടീമില്‍ എത്തിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ മത്സത്തില്‍ ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ തിളങ്ങിയ വളരെ കുറച്ച് താരങ്ങളില്‍ പെടുന്നയാളാണ് നിസ്സാങ്ക. മൊഹാലിയില്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകം നേടിയിരുന്നു. 133 പന്തുകളില്‍ 61 റണ്‍സ് നേടിയതാരം മൂന്നാം നമ്പറില്‍ നിര്‍ണ്ണായക പ്രകടനമാണ് നടത്തിയത്.65 ഓവറില്‍ 174 ന് ടീം പുറത്തായപ്പോള്‍ നിസ്സാങ്കയുടെ ഒറ്റപ്പെട്ട പ്രകടനമായിരുന്നു വേറിട്ടു നിന്നിരുന്നത്.

പുറം വേദനയെ തുടര്‍ന്ന് താരം മാറി നില്‍ക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ്് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പകരം വരുന്ന ചാണ്ഡിമലോ കുശാല്‍ മെന്‍ഡിസോ മികച്ച ഫോമിലല്ല എന്നതും ലങ്കന്‍ ടീമിന് തലവേദനയാണ്. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സായി ഒരു അര്‍ദ്ധശതകം പോലും നേടാന്‍ ചാണ്ഡിമലിന് ആയിട്ടില്ല. 2021 ജനുവരിയ്ക്ക് ശേഷം കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയ്ക്കായി കളിച്ചിട്ടേയില്ല.

ഈ കാര്യങ്ങളെല്ലാം ഇരിക്കെയാണ് ഇന്ത്യയ്ക്ക് എതിരേ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ലങ്ക ഇറങ്ങുന്നത്. ആദ്യ ടെസ്റ്റ് പരായപ്പെട്ട ശ്രീലങ്കയ്ക്ക്് അഭിമാനപ്രശ്‌നമാണ് രണ്ടാം മത്സരം. ഇന്ത്യയാകട്ടെ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമിടുന്നതും.