എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു, ഫ്രഞ്ച് താരത്തിന് അഞ്ച് വര്‍ഷം വിലക്ക്

മൈതാനത്തെ പക സ്റ്റേഡിയത്തിന് പുറത്തേയ്ക്ക് വ്യാപിച്ചപ്പോള്‍ ഫുട്‌ബോളിന് തന്നെ നാണക്കേടായ സംഭവങ്ങളാണ് ഫ്രാന്‍സില്‍ നടന്നത്.
ഫുട്ബോള്‍ മത്സരത്തിന് ശേഷം ഇരുടീമിലേയും രണ്ട് കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിര്‍കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച താരത്തെ അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കിയിരിക്കുകയാണ് അധികൃതര്‍.

കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പ്രാദേശിക ഫുട്ബോള്‍ മത്സരത്തിന് ശേഷമായിരുന്നു സംഭവം. 2019 നവംബര്‍ 17-ല്‍ ടെര്‍വില്ലെയും സോയെട്രിച്ചും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഫ്രഞ്ച് മാധ്യമമായ ലാ റിപ്പബ്ലിക് ലൊറെയ്ന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മത്സരത്തിനിടെ ഇരുടീമിലെയും രണ്ടു താരങ്ങള്‍ മൈതാനത്ത്  ഏറ്റുമുട്ടുകയായിരുന്നു. റഫറി ഇരുവരെയും താക്കീത് ചെയ്ത ശേഷം മത്സരം തുടര്‍ന്നു. 1-1ന് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

എന്നാല്‍ സംഭവം അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. മത്സരം അവസാനിച്ച ശേഷം ഇരുവരും സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ്ങില്‍ വെച്ച് വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ടെര്‍വില്ലെ താരങ്ങളിലൊരാള്‍ ഏറ്റുമുട്ടിയവരെ അനുനയിപ്പിക്കാന്‍ എത്തുകയും ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായ സോയെട്രിച്ച് താരം ഇയാളുടെ ജനനേന്ദ്രിയം കടിച്ചു മുറിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ജനനേന്ദ്രിയത്തില്‍ 10 തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നു. ഫുട്ബോള്‍ ലീഗിന്റെ അച്ചടക്ക സമിതിയാണ് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. കടികൊണ്ട താരത്തെ അടിപിടിയില്‍ പങ്കാളിയായെന്ന കാരണത്താല്‍ ആറ് മാസത്തേക്കും വിലക്കി.