സഞ്ജു കാരണം എത്തിയ ഫയർഫോഴ്‌സ്, അവസാനം പിഴയടച്ച് രക്ഷപെട്ടു

ക്രിക്കറ്റിൽ കൂട്ടുകെട്ടുകളുടെ പ്രാധാന്യം അറിയാവുന്ന ആളുകൾ എന്നും ആകാംഷയോടെ നോക്കുന്ന ഒരു മാജിക്ക് സഖ്യമായിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ – യുസ്വേന്ദ്ര ചഹൽ സഖ്യം. ഈ സീസൺ മെഗാ ലേലം അവസാനിച്ചപ്പോൾ 11 കോടി രൂപയാണ് ഇരുതാരങ്ങളെയും ടീമിലെടുക്കാൻ രാജസ്ഥാൻ മുടക്കിയത്. 15 കോടിക്കും , 14 കോടിക്കും ഒരു താരത്തിനായി മുടക്കി കോമ്പിനേഷൻ വരെ തെറ്റിയ ടീമിന്റെ അവസ്ഥ കാണുമ്പോഴാണ് കൃത്യമായ പദ്ധതികളോടെ എത്തി സൂപ്പർ സ്പിനറുമാർ രണ്ട് പേരെ സ്വന്തമാക്കിയ രാജസ്ഥാനെ അഭിനന്ദിക്കേണ്ടത്.

ഇതിൽ ചഹൽ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ്. ഒന്നാം സ്ഥാനത്തായിരുന്ന താരം കഴിഞ്ഞ ദിവസമാണ് തൊട്ട് താഴോട്ടിറങ്ങിയത്.താരം ടീമിന് മൊത്തം നൽകുന്ന പോസിറ്റീവ് എനര്ജി വളരെ വലുതാണ്. ഒരു സംഘത്തെ എങ്ങനെ രസകരമായി മാനേജ് ചെയ്യണമെന്ന് താരത്തിന് നന്നായി അറിയാം. അങ്ങനെയുള്ള ചഹൽ തന്റെ പതിവ് രസകരമായ ശൈലിയിൽ നായകൻ സഞ്ജുവുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ചത് വൈറൽ ആയിരിക്കുകയാണ്.

“2016ലായിരുന്നു അത്, ഞങ്ങള്‍ അന്നു ഒരുമിച്ച് ഇന്ത്യന്‍ ടീമിനോടൊപ്പം ഓസ്‌ട്രേലിയയിലായിരുന്നു. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരേ മുറിയിലാണ് ഞാനും സഞ്ജുവും താമസിച്ചത്. ഒരു ദിവസം മുറിയില്‍ വച്ച് ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ഇലക്ട്രിക് സ്റ്റൗവില്‍ സഞ്ജു മുട്ടയുണ്ടാക്കാന്‍ തുടങ്ങി. പക്ഷെ ഫ്രൈയിങ് പാനിന് പുറത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ എടുത്തു മാറ്റാന്‍ മറന്നുപോയി. ഇതോടെ ഫയര്‍ അലാറം അടിക്കാന്‍ തുടങ്ങി, എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ ഞങ്ങളെല്ലാം അമ്പരന്നു.”

” ഉടനെ അഗ്നിശമനസേന എത്തുകയും കാരണം കണ്ടുപിടിക്കുകയും ചെയ്തു. സഞ്ജു ഫ്രൈയിങ് പാനിന്റെ മുകളിലെ പ്ലാസ്റ്റിക് കവര്‍ അബദ്ധത്തില്‍ കത്തിച്ചതായും ഇതേ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് അവിടെയെത്തിയത്. സഞ്ജു അവസാനം പിഴയടച്ചാണ് രക്ഷപെട്ടത്. ഞങ്ങളും സഞ്ജുവും ഒരുപാട് ചിരിച്ചു ഇതിനുശേഷം.”

അടുത്ത മത്സരത്തിൽ ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ എത്താൻ സഞ്ജുവിനും കൂട്ടർക്കും സാധിക്കും.