ഓര്‍മ്മകളിലെ ഏറ്റവും തിളക്കമുള്ള ദാദ ഇന്നിംഗ്സ്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഫീല്‍ ആണ്!

ഷമീല്‍ സലാഹ്

1999 ലോക കപ്പില്‍ ലങ്കക്കെതിരെയുള്ള 183, ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെയുള്ള 124, മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെയുള്ള 100, തൊട്ടു പുറകെ അഡ്‌ലൈഡില്‍ പാക്കിസ്ഥാനെതിരെയുള്ള 141, 2000ലെ ഐസിസി നോക്ക് ഔട്ട് സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മറ്റൊരു 141.., അങ്ങനെ സൗരവ് ഗാംഗുലിയുടെ ബാറ്റില്‍ നിന്നും പിറന്ന പല മികച്ച ഏകദിന സെഞ്ചുറി ഇന്നിംഗ്‌സുകളും കാണാന്‍ ഇട വന്നിട്ടുണ്ട്. പക്ഷെ, ഈ ഒരു സെഞ്ച്വറി ഇന്നിംഗ്‌സ് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഫീല്‍ ആണ്.

കുഞ്ചാക്കോ ബോബന്റെ നിറം പുറത്തിറങ്ങിയ സമയമായിരുന്നു. ഫസ്റ്റ് ഷോക്കുള്ള സമയം തികക്കാന്‍ വേണ്ടി, പാലക്കാട് കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടപ്പോള്‍, കോട്ടക്കകത്തു പ്രവേശിക്കാതെ കോട്ട മൈതാനത്തിന് എതിര്‍വശത്തുള്ള പാര്‍ക്കിലെ ടീവിക്ക് മുന്നില്‍ പിടിച്ച് നിര്‍ത്തി കാണാന്‍ ഇടവന്ന ഒരു കിടിലന്‍ ഇന്നിംഗ്‌സ്!

Cricket photo index - India vs Zimbabwe, Videocon Triangular Series, 3rd  Match Match photos | ESPNcricinfo.com

കെനിയയില്‍ വെച്ച് നടന്ന LG കപ്പിന്റെ അവസാന ഗ്രൂപ്പ് മാച്ചില്‍ സിംബാബ്വേക്കെതിരെയുള്ള 147 ബോളില്‍ നിന്നും നേടിയ 139 റണ്‍സ്, ഇതായിരുന്നു ആ ഇന്നിംഗ്‌സ്. നിറപ്പകിട്ടാര്‍ന്ന 11 ഫോറുകളും , പന്ത് ഒരു മിന്നലില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് സിംബാബ്വേന്‍ സ്പിന്നര്‍മാര്‍ ഭയപ്പെട്ട ദിവസത്തില്‍ 5 തകര്‍പ്പന്‍ സിക്‌സറുകളും അടങ്ങുന്ന അവിശ്വസനീയമായ സ്‌ട്രോക്ക് പ്ലെയിലൂടെ നേടിയ ഇന്നിംഗ്‌സ്..

When Sourav Ganguly scored 139 against Zimbabwe in Nairobi

1999 ലോക കപ്പില്‍ ശ്രീലങ്കക്കെതിരെയുള്ള സെഞ്ച്വറിക്ക് ശേഷം ആറ് മാസങ്ങളോളമായി ഗാംഗുലിക്ക് മറ്റൊരു സെഞ്ച്വറി ഇല്ലായിരുന്നു. തുടര്‍ന്നായിരുന്നു ഗാംഗുലിയുടെ തന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളിലൂടെ നേടിയ ഈ സെഞ്ചുറി ഇന്നിംഗ്‌സ്. ശരിക്കും പറഞ്ഞാല്‍ ഗാംഗുലി തന്റെ കരിയറില്‍ ഉജ്വല ഫോമില്‍ എത്തിയ 1999-2000ല്‍ ആ സെഞ്ച്വറിക്ക് ശേഷമാണ് കൂടുതല്‍ കത്തിക്കയറിയത് എന്ന് പറയാം..

1st October 1999: Ganguly Mauls Zimbabwe With Blistering 139

സ്റ്റാര്‍ പ്ലെയര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അഭാവത്തില്‍ അജയ് ജഡേജയുടെ ക്യാപ്റ്റന്‍സിയും, വിജയ് ഭരധ്വരാജിനെ പോലുള്ള പുതുമുഖങ്ങളൊക്കെ ആയിട്ടായിരുന്നു ആ ടൂര്‍ണമെന്റിന് ഇന്ത്യ ഇറങ്ങിത്. സുനില്‍ ജോഷി 10-6-6-5 എന്ന മാന്ത്രിക സ്‌പെല്ലിലൂടെ ദക്ഷിണാഫ്രിക്കയെ തോല്പിച്ചതും, ഒടുവില്‍ ഫൈനലില്‍ പരാജയപ്പെട്ടതും ഒക്കെ ആ ടൂര്‍ണമെന്റ് വീക്ഷിച്ച ആളുകള്‍ കൂടുതല്‍ ഓര്‍ക്കപ്പെടും.
പക്ഷെ, ഞാന്‍ കൂടുതല്‍ ഓര്‍ക്കുന്നത് തന്റെ ഏറ്റവും മികച്ച ടച്ചില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗാംഗുലിയുടെ ഈ ഇന്നിംഗ് തന്നെ.