ആറു വയസ്സുവരെ നടക്കാനാകാതെ വീടിനുള്ളില്‍ ഇഴഞ്ഞു നടന്ന പയ്യന്‍, അവന്‍ ഇതിഹാസങ്ങളെവരെ വിറപ്പിക്കുമെന്ന് ആര് കണ്ടു!

ക്രിക്കറ്റും കരിയറും വിലക്കും വിവാദങ്ങളുമൊക്കെയായി സംഭവ ബഹുലമാണ് പാകിസ്താന്റെ ഈ മുന്‍ പേസറുടെ ജീവിതം. ആറു വയസ്സുവരെ നടക്കാന്‍ കഴിയാത്ത ബാലനായിരുന്നു. മുറിക്കുള്ളിലൂടെ ഇഴഞ്ഞു നടന്നു. ഭാവിയില്‍ പകുതി വൈകല്യമുള്ളയാളായിരിക്കും ഇയാളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പയ്യന്‍ പക്ഷേ പിന്നീട് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി മാറി. 161 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ അവന്‍ ക്രിക്കറ്റിലെ പല ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടേയും ഉറക്കം കെടുത്തിക്കളഞ്ഞു.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ അനുഭവിച്ചിരുന്ന വേദനകളെക്കുറിച്ച് പറയുകയാണ് പാകിസ്താന്റെ ഇതിഹാസതാരം ഷൊയബ് അ്ക്തര്‍. 6ാം വയസ്സുവരെ പിച്ചവെയ്ക്കാന്‍ പോലും കഴിയാതെ വീടിനുള്ളില്‍ ഇഴഞ്ഞു നടന്ന കുട്ടിയാണ് പിന്നീട് ക്രിക്കറ്റില്‍ 400 ലധികം വിക്കറ്റുകള്‍ വീഴ്ത്തിയത്.

കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പോലും ഇവന്‍ പകുതി വൈകല്യങ്ങളോടു കൂടിയവനായിരിക്കുമെന്നും ഇവന് സാധാരണക്കാരെപ്പോലെ ഓടാന്‍ സാധിക്കില്ലെന്നും പറഞ്ഞിരുന്നു. രാജ്യാന്തര കരിയറില്‍ 444 വിക്കറ്റ് സ്വന്തമാക്കിയതിനു ശേഷം മൈതാനത്തോടു വിടപറഞ്ഞ അക്തര്‍, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായാണു വിലയിരുത്തപ്പെടുന്നത്.

ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തേറിന്റെ പേരില്‍ അറിയപ്പെടുന്ന അക്തര്‍ അന്താരാഷ്ട്ര കരിയറില്‍ അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഇടതു കാല്‍മുട്ടില്‍ 9 തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 42 കുത്തിവയ്പ്പിനും, 62 തവണ വിശ്രമത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

Read more

കരിയറില്‍ തുടര്‍ച്ചയായി പരിക്ക് താരത്തെ വേട്ടയാടിയിരുന്നു. പാകിസ്താന്‍ ടീമില്‍ ഇടം നേടാന്‍ കളിക്കാരുടെ തിരക്കേറിയ അക്കാലത്ത് ടീമില്‍ ഇടം നേടാന്‍ പലപ്പോഴും പരിക്ക് മറച്ചുവെച്ചു.