ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഇന്ന് തുടക്കം; ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പകരം ജയ്പ്രീത് ബുംറയാകും ഇന്ത്യയെ നയിക്കുക. ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐ പ്രഖ്യാപിച്ച് കഴിഞ്ഞു.

രോഹിത്തിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു. പിന്നീട് പരിശോധന ഫലം നെഗറ്റീവായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ആദ്യ നാല് മത്സരത്തില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരിക്കും ഫോമില്ലായ്മയും ഇംഗ്ലണ്ട് താരങ്ങളുടെ ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇരുടീമിനും പുതിയ നായകന്മാര്‍ ആണെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് ടെസ്റ്റ് തുടങ്ങുന്നത്. മല്‍സരം സോണിയുടെ വിവിധ ചാനലുകളില്‍ തദ്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിംഗുണ്ടാവും.

ഇന്ത്യ സാധ്യത ഇലവന്‍ – ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ടെസ്റ്റിനുള്ള  പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് ഇന്നലത്തന്നെ പ്രഖ്യാപിച്ചിരുന്നു. ബെന്‍ സ്റ്റോക്സിനു കീഴില്‍ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്.  ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലെയിംഗ് ഇലവനില്‍ മടങ്ങിയെത്തി. താരം തിരികെ വന്നതോടെ ജാമി ഒവേര്‍ട്ടനാണ് സ്ഥാനം നഷ്ടമായി. കോവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് പകരം സാം ബില്ലിംഗ്സാണ് വിക്കറ്റ് കാക്കുന്നത്.

ആന്‍ഡേഴ്സണ്‍ വന്നതൊഴിച്ചാല്‍ കിവീസിനെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാക്ക് ലീച്ചും മാത്യു പോട്സുമാണ് സ്പിന്നര്‍മാര്‍.

Read more

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്‍: സാക്ക് ക്രോളി, അലെക്സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍.