കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

കോവിഡ് 19 പടര്‍ന്ന് പിടിച്ച പശ്ചാത്തലയില്‍ രാജ്യത്ത് 21 ദിവസത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പട്ടിണിയിലായ കുടിയേറ്റ തൊഴിലാളികള്‍ വന്‍ നഗരങ്ങളില്‍ നിന്നും ഗ്രാമം പിടിക്കാനുളള നെട്ടോട്ടത്തിലാണ്. പൊതുഗതാഗതം നിരോധിക്കപ്പെട്ട രാജ്യത്ത് നടന്ന് കൊണ്ട്ാണ് തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത്.

ഇതോടെ തൊഴിലാളികള്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കാതിരുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നു എന്ന് ഹര്‍ഭജന്‍ പറഞ്ഞു.

അവര്‍ക്ക് താമസിക്കാന്‍ ഇടമില്ല, കഴിക്കാന്‍ ഭക്ഷണമില്ല, ജോലിയില്ല. അവര്‍ക്ക് ഭക്ഷണവും ജോലിയും ലഭിക്കുന്നത് സര്‍ക്കാര്‍ ഉറപ്പാക്കണമായിരുന്നു. ഇപ്പോളവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങി പോവണം എന്നാണ്. ഈ കാര്യങ്ങള്‍ കൈകാര്യം ചെയ്ത വിധം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ഭജന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Read more

നഗരങ്ങള്‍ ലോക്ക്ഡൗണ്‍ ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ആരും കരുതിയില്ല. എല്ലാം പെട്ടെന്നായതോടെ അവരുടെ കാര്യം ആലോചിക്കാന്‍ ഭരണകൂടത്തിനും കഴിഞ്ഞില്ല. അവരുടെ സ്വന്തം ആളുകള്‍ക്കൊപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് ഇപ്പോളവര് വീടുകളിലേക്ക് പോവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നത്, ഹര്‍ഭജന്‍ സിങ് പറഞ്ഞു.