ആര്‍മി ക്യാപ്പ്; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വിലക്ക്? പ്രതികാരത്തിന് ഒരുങ്ങി പാകിസ്ഥാന്‍

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ചാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത് . പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ചത്.

എന്നാല്‍ ഈ സംഭവം പുതിയ വിവാദങ്ങളിലേക്ക് കൂടി വഴി തുറന്നിരിക്കുകയാണ്. ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍.

ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഐസിസി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും മന്ത്രി സൂചന നല്‍കി.

എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ” പിങ്ക് ടെസ്റ്റ് ” ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ”” പിങ്ക് ഏകദിനം ” എന്ന പോലെ ഓരോ വര്‍ഷവും ഹോം സീസണിലെ ഒരു മത്സരത്തില്‍ ഇതാവര്‍ത്തിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളും വ്യക്തമാക്കി.

ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കായിക സംഘടനയാണ് ഐസിസി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം കളിക്കളത്തില്‍ സംഭവിക്കുന്നത്. 2014ല്‍ പലസ്തീന്‍ അനുകൂല റിസ്റ്റ് ബാന്‍ഡ് ധരിച്ചതിന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീന്‍ അലിയെ ഐസിസി ശാസിച്ചിരുന്നു. മാത്രമല്ല കളിക്കളത്തില്‍ സേവ് ഗാസ എന്നെഴുതിയ ഈ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നതും ഐസിസി വിലക്കിയിരുന്നു. 2003 ലോകകപ്പില്‍ സിംബാബ് വെ ടീം അംഗങ്ങളും സര്‍ക്കാറിനെതിരെയുളള എതിര്‍പ്പ് കളിക്കളത്തില്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.