ഭയപ്പെട്ട് കളിക്കുന്ന രാഹുലിനെയല്ല അതിസുന്ദരമായി പന്തിനെ തഴുകി സീമ രേഖകൾ ലംഘിക്കുന്ന ആത്മവിശ്വാസത്തിൻ്റെ നിറകുടമായ രാഹുലിനെയാണ് ടീം ഇന്ത്യക്ക് ആവശ്യം

Vipin Das Mathiroli

എന്തുകൊണ്ട് KL? അതെ തുടരെ തുടരെ വലിയ മൽസരവേദികളിൽ ഇടറി വീഴുന്ന KLR ചർച്ചയാവുന്നു
ഇന്ത്യൻ പ്രീമിയറിൻ്റെ ചരിത്രത്തിൽ വെടിക്കെട്ടിൻ്റെ പൊലിമയില്ലാതെ, നയനാനന്ദകരമായ ഷോട്ടുകളിലുടെ ഒരു താരം 14 പന്തിൽ 50 തികച്ചുവെങ്കിൽ ആ താരത്തിൻ്റെ ഒരേയൊരു പേരാണ് ‘കന്നൂർ ലോകേശ് രാഹുൽ ‘.

ഗെയ്ലും, രാഹുലും ഓപ്പൺ ചെയ്ത ആ സീസണിൽ പഞ്ചാബ് എങ്ങുമെത്താതെ പോയി എന്നത് അത്ഭുതം തന്നെയാണ്. വ്യക്ത്യാധിഷ്ഠിതത്തിനുമപ്പുറം ടീം ഗെയിം ആണ് ക്രിക്കറ്റ് എന്നതിൻ്റെ ഉത്തമോദാഹരണം.  ഇന്ത്യൻ ടീമിൽ തുടക്കകാലത്ത് വെസ്റ്റിൻറീസ് 240 + ചേസ് ചെയ്ത ഒരിന്നിംഗ്സ് ഉണ്ട് രാഹുലിൻ്റേതായി .എന്തൊരു ചന്തമായിരുന്നു ആ ബാറ്റിംഗ്.

ഈ വിധത്തിൽ അദ്ദേഹം സെറ്റ് ചെയ്തു വച്ചൊരു നിലവാരം ഉണ്ട്. ഫോമിൻ്റെ പീക്കിൽ നിൽക്കുന്ന അദ്ദേഹം ഓറഞ്ച് ക്യാപ്പോ, Top5 ലോ റൺവേട്ട നടത്തിയാൽ തെല്ലും അത്ഭുതമില്ല. KL എപ്പോഴും അദ്ദേഹത്തിൻ്റെ സ്കോർ ഉയർത്താനുള്ള പരിശ്രമം മാത്രമാണ് നടത്തുന്നത് എന്നാണ് പ്രധാന ആരോപണം. മുകളിൽ പറഞ്ഞ അദ്ദേഹത്തിലെ പ്രതിഭയുടെ ധാരാളിത്തവും, നിലവാരവും തന്നെയാണ് ഈ ആരോപണത്തിൻ്റെ പ്രധാന കാരണമാവുന്നത് എന്ന് തോന്നുന്നു.

അദ്ദേഹത്തിൻ്റെ സ്ഥിരം കളി കാണുന്ന ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് അദ്ദേഹത്തിലെ ആത്മവിശ്വാസമില്ലായ്മയാണ്. വിക്കറ്റിന് വിലകൽപ്പിക്കണം എന്നത് നേര് തന്നെയെങ്കിലും അമിതമായ ഭയത്തിൽ നിന്നും വരുന്ന പ്രതിരോധം പലപ്പോഴും വിപരീത ഫലമാണ് നൽകുന്നത്. തൻ്റെ സ്കോറിനുമപ്പുറം വിക്കറ്റ് നഷ്ടമായാൽ ടീമിൻ്റെ ജയസാധ്യത കുറയും എന്ന ചിന്തയാവാം. താൻ മിടുക്കനാണെന്ന് വരികിലും, കുട്ടുകാരിലുള്ള വിശ്വാസ കുറവ് പോലെ എന്തോ.

കഴിഞ്ഞ മൽസരത്തിൽ തന്നെ വിജയദാഹം അദ്ദേഹത്തിൽ കാണാം, പക്ഷേ മോശം പന്തിൽ മാത്രമേ ആക്രമിക്കുന്നുള്ളൂ, ഭയപ്പെട്ട് ആക്രമിക്കുന്ന പ്രതീതി. സ്വാർത്ഥതയല്ല, മറിച്ച് ആത്മവിശ്വാസത്തിൻ്റെ അഭാവം. സുരക്ഷിതമായി കളിച്ച് തുടങ്ങി ഒടുവിൽ പതിയിരുന്ന് ആക്രമിക്കാം എന്ന KLR ശൈലി തുടരെ പരാജയമാവുന്നു.(ഓർക്കുക 2020ൽ RCBക്കെതിരായ മനോഹരമായ സെഞ്ചുറി ഇത്തരത്തിൽ അദ്ദേഹം നേടിയിരുന്നു) മുൻഗാമികളായ MSDയോ VKയോ നേടിയ പിന്തുടരലിലെ ആധിപത്യം ഇപ്പോഴത്തെ Superstar ന് സാധ്യമാവുന്നില്ല എന്നത് ആരാധകരിൽ നിരാശയുണ്ടാക്കുന്നു.

എലിമിനേറ്ററിൽ ബാറ്റ് താഴ്ത്തിയുള്ള ആ മടക്കം വ്യക്തിപരമായി വലിയ സങ്കടമാണ് നൽകിയത്. ആ മുഖത്ത് വ്യക്തമായി കാണാം തോൽവിയിലെ അദ്ദേഹത്തിൻ്റെ സങ്കടവും നിരാശയും . ഭയപ്പെട്ട് കളിക്കുന്ന രാഹുലിനെയല്ല അതിസുന്ദരമായി പന്തിനെ തഴുകി സീമ രേഖകൾ ലംഘിക്കുന്ന ആത്മവിശ്വാസത്തിൻ്റെ നിറകുടമായ KLനെയാണ് ടീം ഇന്ത്യക്ക് ആവശ്യം.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ