'പാകിസ്ഥാനില്‍ സീരിസ് കളിക്കാന്‍ ടീമുകള്‍ ക്യൂ നില്‍ക്കും'; ടീമിനോട് കപ്പടിച്ച് കലിപ്പടക്കാന്‍ റമീസ് രാജ

ന്യൂസിലന്‍ഡ് ടീം പരമ്പര റദ്ദാക്കി മടങ്ങിയതിന്റെ വാശി ലോക കപ്പില്‍ കളിച്ച് തീര്‍ക്കാന്‍ പാക് ടീമിനെ ഉപദേശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത പ്രസിഡന്റ് റമീസ് രാജ. ലോകോത്തര ടീമായി മാറിക്കഴിഞ്ഞാല്‍ പാകിസ്ഥാനുമായി സീരീസ് കളിക്കാന്‍ മറ്റു ടീമുകള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ നിരാശയും ദേഷ്യവുമെല്ലാം മികച്ച പ്രകടനങ്ങളാക്കി മാറ്റം വരുത്തുക. വരുന്ന ടി20 ലോക കപ്പില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടാകണം ഇതിന്റെ ദേഷ്യം നിങ്ങള്‍ തീര്‍ക്കേണ്ടത്. നിങ്ങള്‍ ലോകോത്തര ടീമായി മാറിക്കഴിഞ്ഞാല്‍ നിങ്ങളുമായി കളിക്കാന്‍ മറ്റു ടീമുകള്‍ കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും. എല്ലാവര്‍ക്കും നിങ്ങള്‍ക്കെതിരെ മത്സരിച്ചാല്‍ മതിയെന്ന സ്ഥിതിയാകും. അതുകൊണ്ട് ഇത് നമുക്കൊരു പാഠമായിട്ടെടുക്കാം. കരുത്തോടെ മുന്നോട്ടു നീങ്ങാം. ഇവിടെ ഒരു നിരാശയുടെയും ആവശ്യമില്ല.’ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനായി പിസിബി തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ റമീസ് രാജ പറഞ്ഞു.

വെള്ളിയാഴ്ച്ച പാകിസ്ഥാനെതിരായ ആദ്യമത്സരത്തിന് തൊട്ടു മുമ്പാണ് ടീമിനെ പിന്‍വലിച്ചു കൊണ്ടുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് എത്തിയത്. കിവീസ് ടീമിന് പാകിസ്ഥാനില്‍ സുരക്ഷാഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിക്കുകയായിരുന്നു.

New Zealand postpone cricket tour of Pakistan over security concerns - Crictoday

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.