ടി20 ലോക കപ്പ്: സീനിയര്‍ താരങ്ങളെ തഴയും, സൂചനകള്‍ പുറത്ത്

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ടി20 ലോക കപ്പില്‍ ഇന്ത്യ പ്രമുഖ സീനിയര്‍ താരങ്ങളെ തഴഞ്ഞേക്കുമെന്ന് സൂചന. സീനിയര്‍ താരങ്ങളായ ആര്‍ അശ്വിനേയും മുഹമ്മദ് ഷമിയേയും ടീമിലേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ട്. ഇവരേക്കാള്‍ മികവ് കാട്ടുന്ന യുവതാരങ്ങള്‍ ഉണ്ടെന്ന് സാഹചര്യം മുന്‍നിര്‍ത്തിയാണ് ബിസിസിഐയുടെ ഈ നീക്കം.

‘അവസാന വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഷമി നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലിലും ഷമിയുടെ പ്രകടനത്തിന് വലിയ പ്രശംസ നല്‍കാനാവില്ല. അതുകൊണ്ട് തന്നെ ഷമിയെ മാറ്റിനിര്‍ത്തുന്നതിനെ തെറ്റുപറയാനാവില്ല.’ ബിസിസി ഐ ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണത്തെ ഐപിഎല്‍ ഷമിക്ക് തന്റെ ടി20 ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. രാഹുല്‍ ചഹാറും ലോക കപ്പ് ടീമിലേക്ക് പരിഗണനയിലുള്ള താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഐപിഎല്‍ സെലക്ടര്‍മാരെ ടീം തിരഞ്ഞെടുപ്പിന് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരാണ് ലോക കപ്പ് ടീമിലേക്ക് സ്ഥാനമുറപ്പിച്ച താരങ്ങള്‍. ഒരു വമ്പന്‍ യുവനിര അവസരം കാത്ത് മത്സരിച്ച് പിന്നണിയില്‍ നില്‍പ്പുണ്ട്.