പാകിസ്ഥാന്റെ വിജയം ആഘോഷിച്ച് ഇന്ത്യയില്‍ പടക്കം പൊട്ടിച്ചു, പിന്നെ എന്തുകൊണ്ട് ദീപാവലിയ്ക്ക് ആയിക്കൂടാ; തുറന്നടിച്ച് സെവാഗ്

ടി20 ലോക കപ്പില്‍ പാകിസ്ഥാന്‍റെ വിജയം ഇന്ത്യയിലുള്ള പാക് ആരാധകരും ഏറെ ആഘോഷമാക്കി. ഇപ്പോഴിതാ  ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പാകിസ്ഥാന്റെ വിജയം ആഘോഷിച്ച് ഇന്ത്യയില്‍ പടക്കം പൊട്ടിച്ചെന്നും, അതേസമയം രാജ്യത്തു ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

‘ദീപാവലിക്ക് പടക്കങ്ങള്‍ക്കു നിരോധനമാണ്. എന്നാല്‍ ഇന്നലെ പാകിസ്ഥന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കം പൊട്ടിച്ചു. നല്ലത്, അവര്‍ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാല്‍ ദീപാവലിക്കു പടക്കം പൊട്ടിച്ചാല്‍ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്’ സെവാഗ് ട്വീറ്റ് ചെയ്തു.

ക്രിക്കറ്റിന്റെ സമസ്ത തലങ്ങളിലും ഇന്ത്യയെ നിഷ്പ്രഭമാക്കിയാണ് പാകിസ്ഥാന്‍ വിജയക്കൊടി പാറിച്ചത്. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ തീരുമാനം ശരിവച്ച് ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകളുമായി ഷഹീന്‍ അഫ്രീദി തീ തുപ്പി. ഹസന്‍ അലി രണ്ടു വിക്കറ്റ് കൊയ്തു. ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റുമായി അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കി.

തരക്കേടില്ലാത്ത സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാനെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടു തന്നെ അനായാസം വിജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്നു സിക്‌സും സഹിതം 79 റണ്‍സുമായി റിസ്വാനും ആറ് ബൗണ്ടറികളും രണ്ട് സിക്‌സും പറത്തി 68 റണ്‍സോടെ ബാബര്‍ അസമും പുറത്താകാതെ നിന്നു. തുടക്കം മുതല്‍ ഫീല്‍ഡിലെ വിടവുകള്‍ കണ്ടെത്തിയ ബാബര്‍ അസമും റിസ്വാനും ഇന്ത്യന്‍ ബോളര്‍മാര്‍ക്കുമേല്‍ സര്‍വ്വാധിപത്യമാണ് പുലര്‍ത്തിയത്. ഒരു പഴുതും ഇന്ത്യക്ക് അവര്‍ നല്‍കിയില്ല. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യ വിക്കറ്റ് വീഴ്ത്തുമെന്നു തോന്നിച്ചില്ല. മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും പാക് ഓപ്പണര്‍മാരുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. ജസ്പ്രീത് ബുംറയ്ക്കാകട്ടെ കൂട്ടുകെട്ട് പൊളിക്കാനും സാധിച്ചില്ല.

നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്ലി (57)  റിഷഭ് പന്ത് (39) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ്മ (0), കെ.എല്‍. രാഹുല്‍ (3) സൂര്യകുമാര്‍ യാദവ് (11) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ട ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുകയായിരുന്നു.