അഫ്ഗാന്‍ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടാല്‍ എന്തു ചെയ്യും?, സൂപ്പര്‍ മറുപടി നല്‍കി ജഡേജ

ടി20 ലോക കപ്പില്‍ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും നാലാം മത്സരത്തില്‍ സ്‌കോട്ടലാന്റിനെയും പരാജയപ്പെടുത്തി സെമി സാദ്ധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാനാവൂ.

സ്‌കോട്ട്‌ലാന്റിനെതിരായ മത്സരത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ജഡേജ നല്‍കിയ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം. ബാഗ് പാക്ക് ചെയ്തു വീട്ടില്‍ പോകും എന്നായിരുന്നു ജഡേജ അതിന് നല്‍കിയ മറുപടി.

ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ ഇനി രണ്ടു കാര്യങ്ങള്‍ കൂടിയാണ് സംഭവിക്കേണ്ടത്. ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കാനിരിക്കുന്ന കളിയില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യ സെമി ബെര്‍ത്ത് സ്വപ്നം കാണേണ്ടതുള്ളൂ. കളിയില്‍ ന്യൂസിലാന്‍ഡാണ് ജയിക്കുന്നതെങ്കില്‍ എട്ടു പോയിന്റ് നേടി രണ്ടാംസ്ഥാനക്കാരായി ന്യൂസിലാന്റ് സെമിയില്‍ കടക്കും. എന്നാല്‍ അഫ്ഗാന്‍ കിവികളെ തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യക്കു സെമി ടിക്കറ്റ് സ്വപ്നം കാണാം.

അഫ്ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്കു മുന്നിലുള്ള രണ്ടാമത്തെ കണ്ടീഷന്‍ അവസാനത്തെ മല്‍സരം വിജയിക്കുകയെന്നതാണ്. തിങ്കളാഴ്ച രാത്രി നമീബിയയുമായിട്ടാണ് ഇന്ത്യയുടെ അവസാനത്തെ കളി. ഇതില്‍ ഇന്ത്യക്കു മികച്ച മാര്‍ജിനില്‍ വിജയിക്കണം.

കാര്യങ്ങള്‍ ഇങ്ങനെ വന്നാല്‍ ഇന്ത്യ, ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി മൂന്നു ടീമുകള്‍ക്കും ആറു പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെയും സെമി ഫൈനലിസ്റ്റുകളെയും തീരുമാനിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. നമീബിയക്കെതിരേയും വലിയ വിജയം നേടാനായാല്‍ ഒന്നാംസ്ഥാനം ഇന്ത്യക്കു ഒന്നു കൂടി ഉറപ്പിക്കാം. അതു സംഭവിച്ചാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് ജേതാക്കളായും ഇന്ത്യ റണ്ണറപ്പായും സെമി ഫൈനലില്‍ പ്രവേശിക്കും.