എറിഞ്ഞ് ഓടിക്കും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബാബര്‍

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ടീമിനും പരോക്ഷ മുന്നറിയിപ്പുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പൂര്‍ണ ആരോഗ്യവാനാണെന്നും സന്നാഹങ്ങള്‍ കളിക്കുമെന്നും ബാബര്‍ അസം പറഞ്ഞു.

ഞങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച പേസ് അറ്റാക്കാണ് ഉള്ളത് എന്ന് വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടാണ് ബാബറിന്റെ മുന്നറിയിപ്പ്. ഷഹീന്‍ ഷായെക്കൂടാതെ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ അടങ്ങിയ പേസ് നിര ഏത് എതിര്‍പ്പിനെയും തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ളതാണെന്നാണ് ബാബര്‍ വിശ്വസിക്കുന്നത്.

പാകിസ്ഥാന്റെ പേസ് ബോളിംഗ് ആക്രമണം ഏറ്റവും മികച്ച ഒന്നാണ്. ഈ വകുപ്പില്‍ ഞങ്ങളേക്കാള്‍ മികച്ചത് മറ്റാരുമല്ല. ഇവരെല്ലാം നന്നായി ബോള്‍ ചെയ്യുന്നുണ്ട്. ഷഹീന്‍ വരുന്നു, ഹാരിസ് മനോഹരമായി ബോള്‍ ചെയ്യുന്നു, യുവ പേസര്‍മാരുടെ പ്രകടനം. ഒരു സംശയവുമില്ലാതെ, ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണ് ഞങ്ങള്‍ക്കുള്ളതെന്ന് പറയാമെന്നും ബാബര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഷഹീന്‍ ഷാ ആരോഗ്യവാനാണെന്നും ഇന്ത്യയ്ക്കെതിരായ മെഗാ ടി20 ലോകകപ്പ് പോരാട്ടം കളിക്കാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 22-കാരന്റെ സാന്നിധ്യം പാകിസ്ഥാന് വലിയ ഉത്തേജനമാണ്. എന്നാല്‍ ഷഹീനെ കൂടാതെ, ഹാരിസ് റൗഫും, നസീമും മറ്റ് അപകടക്കാരായി ഉയര്‍ന്നു നില്‍പ്പുണ്ട്.

ഏഷ്യാ കപ്പിലും ന്യൂസിലന്‍ഡ് ടി20 ട്രൈ-സീരീസിലും ഷഹീന്റെ അഭാവത്തില്‍, റൗഫും നസീമും ആ ഉത്തരവാദിത്തം ഏറ്റെടുത്തു മനോഹരമാക്കിയിരുന്നു. അതിനാല്‍ ഇന്ത്യയ്ക്കെതിരെയോ ലോകത്തിലെ മറ്റേതെങ്കിലും ടീമിനെതിരെയോ തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ നായകന്‍.