ടി20 ലോക കപ്പ് സന്നാഹം; ബംഗ്ലാദേശിനെ വീഴ്ത്തി ലങ്ക, അയര്‍ലന്‍ഡിനും ജയം

ടി20 ലോക കപ്പ് ടൂര്‍ണമെന്റിന്റെ യോഗ്യതാ റൗണ്ടിനു മുന്നോടിയായി നടന്ന സന്നാഹത്തില്‍ ശ്രീലങ്കയ്ക്കും അയര്‍ലന്‍ഡിനും ജയം. ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റിനാണ് ലങ്കയുടെ വിജയം. പപ്പുവ ന്യൂ ഗ്വിനിയയെ എട്ടു വിക്കറ്റിനാണ് അയലന്‍ഡ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 147 റണ്‍സാണ് നേടിയത്. 34 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ 42 ബോളില്‍ 62 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയുടെ ഫിഫ്റ്റി മികവില്‍ ലങ്ക ജയം പിടിച്ചു. ചാമിക കരുണരത്നെ 25 ബോളില്‍ പുറത്താവാതെ 29 റണ്‍സ് നേടി.

ക്രിക്കറ്റിലെ കുഞ്ഞന്മാരായ പപ്പുവ ന്യു ഗ്വിനിക്കെതിരേ അനായാസമായിരുന്നു അയര്‍ലന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യു ഗ്വിനിക്ക് എട്ടു വിക്കറ്റിന് 96 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടിയില്‍ 3.2 ഓവര്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലാന്‍ഡ് ലക്ഷ്യത്തിലെത്തി.