ട്രാക്കിലായി കോഹ്‌ലിക്കൂട്ടം, എങ്കിലും ഒരു ആശങ്ക

ടി20 ലോക കപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം. കരുത്തരായ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 188 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഒരു ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മിന്നും തുടക്കമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 24 പന്ത് നേരിട്ട രാഹുല്‍ 6 ഫോറും 3 സിക്‌സും സഹിതം 51 റണ്‍സെടുത്തു. 46 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 70 റണ്‍സ് അടിച്ചെടുത്ത ഇഷാന്‍ കിഷന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

Image

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 13 പന്തില്‍ 11 റണ്‍സോടെയും സൂര്യകുമാര്‍ യാദവ് ഒന്‍പതു പന്തില്‍ എട്ടു റണ്‍സെടുത്തും നിരാശപ്പെടുത്തിയപ്പോള്‍, ഋഷഭ് പന്ത് 14 പന്തില്‍ 29 റണ്‍സെടുത്തും, ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സെടുത്തും ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Image

മിന്നും ജയം നേടിയെങ്കിലും ഏറെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ റണ്‍ വാരികോരി നല്‍കിയത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. നാലോവറില്‍ 13.50 ഇക്കോണമി റേറ്റില്‍ 54 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. രണ്ടു വൈഡുകളും ഒരു നോ ബോളും ഭുവി എറിയുകയും ചെയ്തു.

India vs England: Michael Vaughan surprised as Bhuvneshwar Kumar not named  Man of the Series- The New Indian Express

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ എന്നും പിശുക്ക് കാണിക്കുന്ന പഴയ ഭുവിയുടെ നിഴല്‍ പോലും ഇംഗ്ലണ്ടിനെതിരേ കണ്ടില്ല. ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ അവസാനത്തെ ഓവര്‍ ഭുവിയെയായിരുന്നു കോഹ്‌ലി ഏല്‍പ്പിച്ചത്. എന്നാല്‍ ഇതു ദുരന്തത്തില്‍ കലാശിച്ചു. 19ാം ഓവറില്‍ അഞ്ചിന് 167 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആ ഓവറില്‍ ഭുവി 21 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഇംഗ്ലണ്ട് 188 ലെത്തി.