ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര; നിര്‍ണായക മാറ്റത്തിന് വിന്‍ഡീസ് നീക്കം

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയില്‍ നിര്‍ണായക മാറ്റവുമായി വെസ്റ്റന്‍ഡീസ് ക്രിക്കറ്റ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങള്‍ വിന്‍ഡീസില്‍ തന്നെ നടത്താനാണ് നീക്കം.

യുഎസ് വിസ ലഭിയ്ക്കുന്നതിലെ കാലതാമസം കാരണമാണ് വിന്‍ഡീസ് ക്രിക്കറ്റ് പ്ലാന്‍ മാറ്റുന്നത്. ഇരു ടീമുകളുടെയും താരങ്ങള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ല. നേരത്തെ സെയിന്റ് കിറ്റ്‌സില്‍ യാത്ര രേഖകള്‍ താരങ്ങള്‍ക്ക് ലഭിയ്ക്കുമെന്നാണ് വിന്‍ഡീസ് ബോര്‍ഡ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ടീമുകള്‍ ട്രിനിഡാഡിലേക്ക് യാത്ര ചെയ്ത ശേഷം മാത്രമേ രേഖകള്‍ ലഭിയ്ക്കുകയുള്ളുവെന്നാണ് അറിയുന്നത്.

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണി മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് മേല്‍ക്കെ നേടാനാണ് ഇറങ്ങുന്നത്.

ആദ്യ മത്സരം ജയിക്കാനായെങ്കിലും ചില താരങ്ങളുടെ മോശം പ്രകടനം ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിവ് തെളിയിച്ചവര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ടീം തുടരെ അവസരം നല്‍കുന്നത്. ഇത്തരം ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാം ടി20 ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍/ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്/ സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്നോയ്, അര്‍ഷദീപ് സിംഗ്.