അര്‍ദ്ധ സെഞ്ച്വറി നേടുന്നതിലല്ല കാര്യം, സഞ്ജുവാണ് ശരിയെന്ന് ഭോഗ്‌ലെ

ഐപിഎല്‍ 15ാം സീസണിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ടി20 ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്നതിലല്ല കാര്യമെന്നും മത്സരത്തില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനമെന്നും ഭോഗ്‌ലെ പറഞ്ഞു.

‘സഞ്ജു സാംസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ദ്ധ സെഞ്ച്വറി പോലെയുള്ള സാധാരണ ലാന്‍ഡ്മാര്‍ക്കുകളിലല്ല ടി20 ക്രിക്കറ്റ് അളക്കുന്നത്. മത്സരത്തില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനം’ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിനെതിരെ ഇന്നലെ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ സഞ്ജു അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറുകയായിരുന്നു. വെറും 26 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 47 റണ്‍സാണ്. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണിത്. ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയെ സാക്ഷി നിര്‍ത്തിയായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്.

ബട്ട്‌ലര്‍ ക്രീസിന്റെ മറുവശത്ത് റണ്ണെടുക്കാന്‍ പാടുപെടവെയായിരുന്നു സഞ്ജു വളരെ കൂളായി ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നത്. അല്‍സാറി ജോസഫെറിഞ്ഞ ആറാം ഓവറില്‍ രണ്ടു സിക്‌സറുകളാണ് സഞ്ജു പറത്തിയത്. പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കാന്‍ സഞ്ജുവിനായില്ല. ഫിഫ്റ്റിക്കു മൂന്നു റണ്‍സ് മാത്രമകലെ സഞ്ജു ബാറ്റുതാഴ്ത്തി. സ്പിന്നര്‍ സായ് കിഷോറിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിനരികെ അല്‍സാറി ജോസഫിന്റെ കൈയില്‍ അവസാനിച്ചു.

ഈ പ്രകടനത്തോടെ രാജസ്ഥാന്‍ റോയല്‍സിനായി 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം റോയല്‍സ് താരമാണ് അദ്ദേഹം. നേരത്തേ മുന്‍ നായകന്‍ അജിങ്ക്യ രഹാനെ മാത്രമേ 3000ത്തിനു മുകളില്‍ റണ്‍സ് റോയല്‍സിനായി സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

Read more

ഈ സീസണില്‍ റോയല്‍സിനായി 400 റണ്‍സും ഈ മത്സരത്തോടെ സഞ്ജു തികച്ചു. 15 മല്‍സരങ്ങളില്‍ നിന്നും 421 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.