ടി20 ലോക കപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശോ!, കിവീസിനെയും നാണംകെടുത്തി

ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ തരിപ്പണമാക്കിയതിന് പിന്നാലെ കിവീസിനെതിരെയും നാശം വിതച്ച് ബംഗ്ലാദേശ്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര ടീമുമായി ബംഗ്ലദേശില്‍ പര്യടനത്തിന് എത്തിയ കിവീസ് ഒന്നാം ടി20യില്‍ വെറും 60 റണ്‍സിന് പുറത്തായി.

രാജ്യാന്തര ടി20യില്‍ കിവീസിന്റെ ഏറ്റവും ചെറിയ സ്‌കോറായി ഇത് മാറി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസ് നായകന്‍ ടോം ലാതമിന്റെ തീരുമാനം അമ്പെ പാളി. 16.5 ഓവറില്‍ വെറും 60 റണ്‍സിന് കിവികള്‍ ഓള്‍ഔട്ടായി. ടോം ലാഥവും ഹെന്റി നിക്കോള്‍സും മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇരുവരും 18 റണ്‍സ് വീതമെടുത്തു.

Image

2.5 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പേസ് ബോളര്‍ മുസ്താഫിസുര്‍ റഹ്‌മാനാണ് കിവീസ് അന്തകനായത്. നസും അഹമ്മദ്, ഷാക്വിബുല്‍ ഹസന്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മെഹ്ദി ഹസനു ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ അതിഥേയര്‍ 15 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ജയത്തോടെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാവുമെന്ന് വീണ്ടും അടിവരയിടുകയാണ് ബംഗ്ലാദേശ്.