സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളം പുറത്ത്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ നിന്ന് കേരളം പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഹരിയാനയോട് 4 റണ്‍സിന് തോറ്റാണ് കേരളത്തിന്റെ പുറത്താകല്‍. ജയത്തോടെ ഹരിയാന ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാണ് ഹരിയാന കരുത്തു കാട്ടിയത്. സ്‌കോര്‍: ഹരിയാന 198/6, കേരളം 194/6.

കേരളത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 198 റണ്‍സെന്ന വലിയ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ കേരളം വിജയത്തിനു വേണ്ടി അവസാന ബോള്‍ വരെ ശ്രമിച്ചെങ്കിലും ആറു വിക്കറ്റിന് 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സച്ചിന്‍ ബേബിയും (68), നായകന്‍ സഞ്ജു സാംസണും (51) വെടിക്കെട്ട് ഫിഫ്റ്റികള്‍ നേടി. 36 ബോളില്‍ ആറു സിക്സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് സച്ചിന്‍ 68 റണ്‍സ് നേടിയത്.

Syed Mushtaq Ali Trophy: Haryana beat Kerala, enter knock-outs

മുഹമ്മദ് അസ്ഹറുദ്ദീനാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്കായി തിളങ്ങിയതു ശിവം ചൗഹാനും (59) ചൈതന്യ ബിഷ്‌ണോയിയുമാണ് (45). കേരളത്തിനായി ജലജ് സക്‌സേനയും സച്ചിന്‍ ബേബിയും 2 വിക്കറ്റ് വീതമെടുത്തു. 3 ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ശ്രീശാന്തിനു വിക്കറ്റൊന്നും നേടാനായില്ല.

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച കേരളം ഒരു ഘട്ടത്തില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. പുതുച്ചേരിയെ തകര്‍ത്തുകൊണ്ട് തുടങ്ങിയ കേരളം പിന്നീടുള്ള കളികളില്‍ വമ്പന്മാരായ മുംബൈ, ഡല്‍ഹി എന്നിവരെയും തോല്‍പ്പിച്ചു. എന്നാല്‍ നാലാമത്തെ കളിയില്‍ ആന്ധ്രാപ്രദേശിനു മുന്നില്‍ കാലിടറിയ കേരളം അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഹരിയാനയോടും തോല്‍ക്കുകയായിരുന്നു.