മുംബൈയ്‌ക്കെതിരെ നിരാശപ്പെടുത്തി ശ്രീശാന്ത്; നാലോവറില്‍ വഴങ്ങിയത് 47 റണ്‍സ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാസര്‍ഗോഡുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മുംബൈയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് കേരളം. എന്നാല്‍ ഏഴുവര്‍ഷത്തിനു ശേഷം കളത്തില്‍ തിരിച്ചെത്തിയ ശ്രീശാന്ത് മുംബൈയ്‌ക്കെതിരെ നിരാശപ്പെടുത്തി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പുതുച്ചേരിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീശാന്തിന് മുംബൈയ്‌ക്കെതിരെ താളംപിഴച്ചു. നാല് ഓവര്‍ ബോള്‍ ചെയ്ത ശ്രീശാന്ത് 47 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചുമില്ല. പുതുച്ചേരിക്കെതിരെ ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.

കേരളത്തിനായി ജലജ് സക്‌സേന തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് സക്‌സേന മൂന്നു വിക്കറ്റെടുത്തത്. കെ.എം. ആസിഫ് നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

mohammed-azharuddeen

Read more

മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു.