‘തുറിച്ചുനോട്ട’ത്തിന് ശേഷം കോഹ്‌ലി പറഞ്ഞത്?; വെളിപ്പെടുത്തി സൂര്യകുമാര്‍ യാദവ്

Advertisement

ബാംഗ്ലൂര്‍ നായകന്‍ കോഹ്ലിയും മുംബൈ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഗ്രൗണ്ടില്‍ കണ്ണുകള്‍ കൊണ്ട് പരസ്പരം കൊമ്പു കോര്‍ത്തത് കഴിഞ്ഞ ഐ.പി.എല്ലിലെ വൈറല്‍ കാഴ്ചയായിരുന്നു. ഓസീസിനെതിരായ ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാത്തതിന്റെ ദേഷ്യം ബാറ്റുകൊണ്ട് തീര്‍ത്തപ്പോള്‍, ചെറുതായൊന്നു ഉരസി പ്രകോപിപ്പിക്കാനായിരുന്നു കോഹ്‌ലിയുടെ ശ്രമം. എന്നാല്‍ വിരട്ടലിനെ അതേനാണയത്തില്‍ തന്നെ നേരിട്ട സൂര്യകുമാര്‍ ടീമിനെ വിജയത്തിലെത്തിച്ചാണ് ക്രീസ് വിട്ടത്.

സംഭവം പിന്നീട് ഏറെ ചര്‍ച്ചയായി. എന്നാല്‍ മത്സരശേഷം തന്റെ പ്രകടനത്തെ കോഹ്‌ലി അഭിനന്ദിച്ചതായി സൂര്യകുമാര്‍ പറഞ്ഞു. ‘എല്ലാ മത്സരത്തിലും കോഹ്‌ലിയെ ഇത്തരത്തില്‍ ഊര്‍ജ്ജസ്വലനായി കണ്ടിട്ടുണ്ട്. ഐ.പി.എല്ലില്‍ ആണെങ്കിലും ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അദ്ദേഹത്തിന്റെ ആക്രമണോത്സുകത എല്ലായ്‌പ്പോഴും ശ്രദ്ധേയമാണ്.’

After Facing Backlash For Liking Controversial Tweet, Suryakumar Yadav  Comments On Virat Kohli's Training Video

‘അവര്‍ക്ക് അത് ഒരു പ്രധാന മത്സരമായിരുന്നു. മത്സരശേഷം കോഹ്‌ലി സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ഒന്നുമില്ല. ആ നിമിഷത്തിന്റെ ഒരു ചൂടു മാത്രമാണ്. ഇത് ഇത്രയധികം ചര്‍ച്ചയായതില്‍ ആശ്ചര്യമുണ്ട്’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

മുംബൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു സംഭവം. ഉജ്ജ്വല ഇന്നിംഗ്സുമായി ക്രീസിലുണ്ടായിരുന്ന സൂര്യകുമാര്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ആ ഓവറില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിലായ കോഹ്ലി ഓവറിനു ശേഷം കണ്ണുരുട്ടി സൂര്യകുമാറിന്റെ സമീപത്തേക്ക് വരികയായിരുന്നു. കണ്ണുരുട്ടലിനെ അതേ നാണയത്തില്‍ നേരിട്ട സൂര്യകുമാര്‍ കോഹ്ലിയില്‍ നിന്ന് മുഖമെടുക്കാതെ ക്രീസില്‍ തന്നെ നില്ക്കുകയായിരുന്നു. തുടര്‍ന്ന് തകര്‍ത്തടിച്ച് 79 റണ്‍സോടെ പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായി.