കോഹ്ലിപ്പകയ്ക്ക് ഇരയായത് സൂപ്പര്‍ താരം; പ്രതികാര നടപടി ക്യാപ്റ്റന് ബൂമറാംഗായി

ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ഇടഞ്ഞത് ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെന്ന് സൂചന. അശ്വിനുമായുള്ള സംഘര്‍ഷവും തുടര്‍ന്നുണ്ടായ പ്രതികാര നടപടിയുമാണ് കോഹ്ലിയുടെ നായക പദവിയെ ചുറ്റിപ്പറ്റി ചോദ്യങ്ങള്‍ ഉയരാന്‍ ഇടയാക്കിയതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശക്കളിയില്‍ ന്യൂസിലന്‍ഡിനോടേറ്റ പരാജയം വിരാട് കോഹ്ലിയെ ചൊടിപ്പിച്ചിരുന്നു. അശ്വിന്‍ അടക്കമുള്ള താരങ്ങള്‍ വിജയതൃഷ്ണ കാട്ടിയില്ലെന്നും കോഹ്ലി വിമര്‍ശിക്കുകയുണ്ടായി. സീനിയര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ ഒച്ചിഴയും വേഗത്തിലെ ബാറ്റിംഗും കോഹ്ലിയുടെ കോപം ക്ഷണിച്ചുവരുത്തി. അശ്വിനുമായി ഡ്രസിംഗ് റൂമില്‍വെച്ച് കോഹ്ലി കൊമ്പുകോര്‍ത്തതായാണ് വിവരം. പുജാരയോടും കോഹ്ലി നീരസം പ്രകടിപ്പിച്ചത്രെ. കോഹ്ലിയുടെ പെരുമാറ്റത്ത പറ്റി അശ്വിനാണ് ബിസിസിഐയോട് പരാതിപ്പെട്ടതെന്ന് പറയപ്പെടുന്നു. അതിനുള്ള പ്രതികാരമായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോഹ്ലി അശ്വിനെ കരയ്ക്കിരുത്തിയത്.

അതേസമയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടായിരുന്നു. ടീം ഘടന സംബന്ധിച്ച് സെലക്ടര്‍മാരും കോഹ്ലിയും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നതായാണ് പറയുന്നത്. സതാംപ്റ്റണിലെ മഴയും കാലാവസ്ഥയിലെ മറ്റു ഘടകങ്ങളും കണക്കിലെടുക്കാതെ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ച കോഹ്ലിയുടെ തീരുമാനമാണ് സെലക്ടര്‍മാരുടെ അനിഷ്ടം വിളിച്ചുവരുത്തിയത്. ഇതിനൊപ്പം സഹതാരങ്ങളുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുത്തിയതും കോഹ്ലിയുടെ സ്ഥാന ചലനത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. ട്വന്റി20 ലോക കപ്പിനുശേഷം പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങാന്‍ ഉറപ്പിച്ച രവി ശാസ്ത്രിക്ക് കോഹ്ലിക്കായി സംരക്ഷണവലയം തീര്‍ക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തപ്പെടുന്നു.