ടീം-മാന്‍ എന്ന വാക്കിന്റെ മനുഷ്യരൂപമായ വാര്‍ണറെ ഉപേക്ഷിച്ചതില്‍ സണ്‍റൈസേഴ്‌സ് വേദനിക്കുന്നുണ്ടാവും

ആ രംഗം ഇന്നും വ്യക്തമായി ഓര്‍ക്കുന്നുണ്ട് – സണ്‍റൈസേഴ്‌സിന്റെ കളി നടക്കുമ്പോള്‍ ഗാലറിയില്‍ ഇരുന്ന് ഓറഞ്ച് പതാക വീശുന്ന ഡേവിഡ് വാര്‍ണര്‍…! വാര്‍ണറിന് സണ്‍റൈസേഴ്‌സ് ജീവനായിരുന്നു. അവര്‍ക്ക് അയാള്‍ കിരീടം നേടിക്കൊടുത്തു. അവര്‍ക്കുവേണ്ടി വാര്‍ണര്‍ സ്ഥിരതയോടെ കളിച്ചു.

പക്ഷേ ആ സ്‌നേഹവും ബഹുമാനവും അതേ അളവില്‍ സണ്‍റൈസേഴ്‌സ് തിരിച്ച് നല്‍കിയില്ല. മോശം സമയം വന്നപ്പോള്‍ അവര്‍ വാര്‍ണറെ കൈവിട്ടു. എല്ലാം എളുപ്പത്തില്‍ മറന്നു. അങ്ങനെയുള്ള സണ്‍റൈസേഴ്‌സിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ വാര്‍ണര്‍ കാട്ടിയതാണ് ഹീറോയിസം…!

സെഞ്ച്വറി നഷ്ടമായതില്‍ വാര്‍ണര്‍ ദുഃഖിച്ചില്ല. തനിക്ക് മൂന്നക്കം തികയ്ക്കാനുള്ള പന്തുകളെല്ലാം പവല്‍ ബൗണ്ടറിയിലെത്തിച്ചപ്പോള്‍ വാര്‍ണര്‍ ആഹ്ലാദിച്ചു. കൃത്യമായി പറഞ്ഞാല്‍ പവലിനേക്കാള്‍ ആനന്ദിച്ചു! ഇന്നിംഗ്‌സിന്റെ അവസാന പന്തില്‍ അസാദ്ധ്യമായ ഒരു ഡബിള്‍ ഓടിയെടുക്കാന്‍ പോലും വാര്‍ണര്‍ ശ്രമിച്ചു.

ടീം-മാന്‍ എന്ന വാക്കിന്റെ മനുഷ്യരൂപമായ വാര്‍ണറെ ഉപേക്ഷിച്ചതില്‍ സണ്‍റൈസേഴ്‌സ് വേദനിക്കുന്നുണ്ടാവും…