സ്ലോ പിച്ചില്‍ വലഞ്ഞ് സണ്‍റൈസേഴ്‌സ്; സൂപ്പര്‍ കിങ്‌സിന് ലക്ഷ്യം 135

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 135 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു.

ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്‌തെന്നു വിലയിരുത്താം. പന്തില്‍ വേഗവ്യതിയാനം വരുത്തിയ സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ എതിരാളികളെ വമ്പന്‍ അടികള്‍ക്ക് അനുവദിച്ചില്ല. മികച്ച യോര്‍ക്കറും സൂപ്പര്‍ കിങ്‌സ് ബോളര്‍ പ്രയോഗിച്ചു. സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോഴെല്ലാം ക്യാച്ചുകളായിരുന്നു ഫലം.

44 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. അബ്ദുള്‍ സമദ് (18), അഭിഷേക് ശര്‍മ്മ (18), റാഷിദ് ഖാന്‍ (17 നോട്ടൗട്ട്), നായകന്‍ കെയ്ന്‍ വില്യംസണ്‍ (11) എന്നിവരും രണ്ടക്കം കടന്നു. സൂപ്പര്‍ കിങ്‌സ് ബോളര്‍മാരില്‍ പേസര്‍ ജോഷ് ഹെസല്‍വുഡിന് മൂന്ന് വിക്കറ്റ് ലഭിച്ചു. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് രണ്ടും രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമായി.