ന്യൂസിലാന്‍ഡ് കളിച്ചത് ഭീരുക്കളെ പോലെ; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ സമനില പൊരുതി നേടിയ ന്യൂസിലാന്‍ഡ് ടീമിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ഭീരുക്കളെ പോലെയാണ് ന്യൂസിലാന്‍ഡ് കളിച്ചതെന്നും രക്ഷപ്പെടാന്‍ മാത്രമായിരുന്നു അവരുടെ ശ്രമമമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിനു സമനില പിടിച്ചുവാങ്ങാന്‍ കഴിഞ്ഞു. അവസാനദിനം ആദ്യ സെഷനില്‍ അവര്‍ മികച്ച ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ പിന്നീട് അവര്‍ ഭീരുക്കളെപ്പോലെയാണ് ബാറ്റ് ചെയ്തത്. രണ്ടാം സെഷനില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലാന്‍ഡിനെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ആ സമയം വിജയിക്കാന്‍ ശ്രമിക്കാതെ രക്ഷപ്പെടാനാണ് ന്യൂസിലാന്‍ഡ് ശ്രമിച്ചത്. അത് ഇന്ത്യ തിരിച്ചറിയുകയും ചെയ്തു.’

Image

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുടീമുകളുടെയും ഫൈനല്‍ പ്രതീക്ഷകള്‍ക്കു ഈ സമനില പിന്നീട് ഭീഷണിയായേക്കും. ഇത്തരത്തില്‍ പോയിന്റ് പങ്കിടുന്നത് പോയിന്റ് പട്ടികയില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ടാക്കും. മുന്നോട്ടു പോകവെയായിരിക്കും ഇരുടീമുകള്‍ക്കും ഇതിന്റെ പ്രാധാന്യം വ്യക്തമാവുക’ ഗവാസ്‌കര്‍ പറഞ്ഞു.

Image

കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിന് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഒമ്പതു വിക്കറ്റിനു 165 റണ്‍സ് നേടി ന്യൂസിലാന്‍ഡ് സമനില പിടിച്ചുവാങ്ങി. 10 ഓവറിനടുത്ത് ലഭിച്ചിട്ടും കിവികളുടെ അവസാനത്തെ വിക്കറ്റ് വീഴ്ത്തി വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.