രാഹുല്‍ നായകനായി മിടുക്കില്ലാത്തവന്‍, രോഹിത്തിന് ഏറിയാല്‍ രണ്ടുവര്‍ഷം...ഗവാസ്‌ക്കര്‍ നായകനായി കാണുന്നത് മറ്റൊരാളെ

വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നിരിക്കുന്ന മില്യന്‍ ഡോളര്‍ ചോദ്യം പകരം ആര് ടെസ്റ്റ് നായകനാകും എന്നതാണ്. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും കെഎല്‍ രാഹുലിന്റെ പേരും ഒപ്പം പറഞ്ഞു കേള്‍ക്കുമ്പോള്‍ പക്ഷേ ഇന്ത്യയുടെ മൂന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ഗവാസ്‌ക്കര്‍ കാണുന്നത് മറ്റൊരു താരത്തെയാണ്.

മൂന്ന് ഫോര്‍മാറ്റിലേക്കും നായകനായി ഒരാള്‍ കടന്നുവരാനാണ് സാധ്യതയെങ്കിലും തന്നോട് അടുത്ത നായകന്‍ ആരാവണമെന്ന് ചോദിച്ചാല്‍  ഋഷഭ് പന്തിനെയാവും ചൂണ്ടിക്കാണിക്കുക എന്നാണ് സുനില്‍ഗവാസ്‌ക്കര്‍ വ്യക്തമാക്കിയത്. പന്തിനെ നായകനാക്കാന്‍ അയാളുടെ ബാറ്റിംഗ് മെച്ചപ്പെടുമെന്നാണ് സുനില്‍ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. ഋഷഭ് പന്തിന് ഉത്തരവാദിത്തം ലഭിച്ചാല്‍ കേപ്ടൗണില്‍ നേടിയപോലെ മനോഹരമായ നിരവധി സെഞ്ച്വറികള്‍ ഇനിയും കാണാമെന്ന് താരം പറയുന്നു.

ഋഷഭിനെ സംബന്ധിച്ചുള്ള പ്രധാന സവിശേഷത തന്നെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മിടുക്കാണ്. പന്ത് സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടുന്നില്ല. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഏഷ്യന്‍ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. കേപ്ടൗണില്‍ ഇന്ത്യയുടെ 10 താരങ്ങള്‍ ചേര്‍ന്ന് 70 റണ്‍സെടുത്ത സമയത്താണ് പന്ത് സെഞ്ച്വറി നേടി പുറത്താവാതെ നിന്നത്. ഇത്തരം അത്ഭുത ഇന്നിങ്സ് കളിക്കാന്‍ മിടുക്കനാണ് അദ്ദേഹമെന്നും സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നു.

നായകനെന്ന നിലയില്‍ വലിയ മിടുക്കില്ലാത്ത താരമാണ് കെ എല്‍ രാഹുല്‍. ദക്ഷിണാഫ്രിക്ക യ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഫീല്‍ഡിങ് വിന്യാസങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തം. പഞ്ചാബ് കിങ്സിന്റെ നായകനെന്ന നിലയിലും അദ്ദേഹം പരാജയമായിരുന്നു. 35കാരനായ രോഹിത്തിനെ ടെസ്റ്റ് നായകനാക്കിയാല്‍ കൂടിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ നായകനെ കണ്ടെത്തേണ്ടതായി വരും. അതുകൊണ്ട് തന്നെ യുവതാരമായ പന്തിനെ നായകനാക്കുന്നതാണ് ഏറ്റവും നല്ലതെന്നും പറയുന്നു.