രഞ്ജി; ആദ്യ ദിനം സ്വന്തമാക്കി കേരളം

രഞ്ജി ട്രോഫിയില്‍ ആദ്യ ദിനം തകര്‍പ്പന്‍ പ്രകടനവുമായി കേരളം. മോശം കാലാവസ്ഥ മൂലം 24 ഓവര്‍ മാത്രം എറിഞ്ഞ മത്സരത്തില്‍ വിദര്‍ഭയുടെ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ കേരളത്തിനായി. 45 റണ്‍സ് മാത്രം വഴങ്ങിയാണ് കേരളം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെസിയും ഒരു വിക്കറ്റ് വീഴ്ത്തിയ നിതീഷ് എംഡിയുമാണ് വിഭര്‍ഭയുടെ മുന്‍ നിരയെ തകര്‍ത്തത്. ആറ് ഓവറില്‍ 14 റണ്‍സ് വഴങ്ങിയാണ് അക്ഷയ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

വിഭര്‍ഭയുടെ തുറുപ്പ് ചീട്ടുകളായ നായകന് ഫൈസ് ഫസലിനെ രണ്ട് റണ്‍സിനും വസീം ജാഫറെ 12 റണ്‍സിനും പുറത്താക്കാന്‍ കേരളത്തിനായി. 17 റണ്‍സെടുത്ത രാമസ്വാമിയാണ് പുറത്തായ മറ്റൊരു വിദര്‍ഭ ബാറ്റ്‌സ്മാന്‍. ഏഴ് റണ്‍സ് വീതമെടുത്ത് ഗണേഷ് സതീഷും കരണ്‍ ശര്‍മ്മയുമാണ് ക്രീസില്‍.

ഔട്ട് ഫീല്‍ഡിലെ നനവ് മൂലമാണ് കളി ഏറെ നേരം തടസ്സപ്പെട്ടത്. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ജലജ് സക്സേന, രോഹന്‍ പ്രേം, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസില്‍ തന്പി, സിജോമോന്‍ ജോസഫ് തുടങ്ങിയവരുടെ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്.

Read more

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരെ മാത്രമാണ് കേരളം തോല്‍വി വഴങ്ങിയത്.