വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നു; വെളിപ്പെടുത്തലുമായി ബ്രോഡ്

വിന്‍ഡീസിനെതിരെ സതാംപ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ താന്‍ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ട് നാല് വിക്കറ്റിന് തോറ്റ മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സായിരുന്നു ടീമിന്റെ നായകന്‍. സ്‌റ്റോക്‌സ് തന്നോട് ടീമിലില്ലെന്ന കാര്യം പറഞ്ഞപ്പോള്‍ മിണ്ടാന്‍ കഴിയാതെ താന്‍ വിറയ്ക്കുകയായിരുന്നെന്ന് ബ്രോഡ് പറഞ്ഞു.

“ഞാന്‍ കളിക്കുന്നില്ലെന്ന് സ്റ്റോക്ക്‌സ് പറഞ്ഞപ്പോള്‍, എന്റെ ശരീരം വിറയ്ക്കുന്നതായി എനിക്ക് തോന്നി. എനിക്ക് കഷ്ടിച്ച് മാത്രമേ സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. കാരണം ഞാന്‍ ടീമില്‍ ഉറപ്പായും ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ഞാന്‍ ഏറെ ദുഃഖിതനായി. രണ്ട് ദിവസം എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. കളിയില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത.” ബ്രോഡ് പറഞ്ഞു.

England

ആദ്യ ടെസ്റ്റില്‍ കളിക്കാനായില്ലെങ്കിലും അടുത്ത രണ്ട് ടെസ്റ്റിലും മികച്ച തിരിച്ചുവരവാണ് ബ്രോഡ് നടത്തിയത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിന്റെ വിക്കറ്റ് വീഴ്ത്തി ബ്രോഡ് ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു. സഹതാരം ജയിംസ് ആന്‍ഡേഴ്സനു പിന്നാലെ 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രോഡ്. ടെസ്റ്റ് കരിയറിലെ 140-ാം മത്സരത്തിലാണ് ബ്രോഡ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Great to have my dad watching: Stuart Broad on taking 500th Test ...
ഈ പ്രകടനം ബ്രോഡിന് ടെസ്റ്റ് റാങ്കിംഗില്‍ വന്‍കുതിപ്പാണ് സമ്മാനിച്ചത്. ബൗളേഴ്സിന്റെ ടെസ്റ്റ് റാങ്കിംഗില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തി. 823 റേറ്റിംഗ് പോയിന്റാണ് ബ്രോഡിനുള്ളത്.