'സ്ട്രൈക്ക് റേറ്റുകള്‍ വളരെ ഓവര്‍റേറ്റഡ് ആണ്', അങ്ങനെ പറഞ്ഞയൊരാള്‍ ഇന്ത്യയുടെ പുതിയ രീതിയോട് എത്രത്തോളം വിലകല്‍പ്പിക്കും

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത 15 പേരും ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിലുണ്ടാകാന്‍ സാധ്യതയുള്ള കളിക്കാരാണെന്ന് വ്യക്തം. ചില മാറ്റങ്ങള്‍ ഉണ്ടാകാമെങ്കിലും വലിയ ചെയ്ഞ്ചുകള്‍ പ്രതീക്ഷിക്കേണ്ട.

എന്നാല്‍ ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആര് ഓപ്പണറാകും എന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. കഴിഞ്ഞ പരമ്പരകളില്‍ ഉടനീളം ഓപ്പണിംഗില്‍ ഇന്ത്യ കളിക്കാരെ മാറിമാറി പരീക്ഷിക്കുന്ന കാഴ്ചയാണ് കാണാനായത്. കെഎല്‍ രാഹുല്‍ വരുമ്പോള്‍ ടീമിലേക്ക് തിരിച്ച് വരുമ്പോള്‍ ആശ്വാസത്തേക്കാള്‍ ഏറെ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.

കഴിഞ്ഞ ലോക കപ്പിലെ ഓപ്പണറായിരുന്നു രാഹുല്‍. എന്നാല്‍ അതിനുശേഷം ഇന്ത്യയ്ക്കായി ടി20 ഫോര്‍മാറ്റില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. അതില്‍ അവസാനത്തേത് 2021 നവംബറിലാണ്. കഴിഞ്ഞ അര പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണറായിരുന്നു രാഹുല്‍. എന്നാല്‍ ‘സ്ട്രൈക്ക് റേറ്റുകള്‍ വളരെ വളരെ ഓവര്‍റേറ്റഡ് ആണ്’ എന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്ന രാഹുല്‍ ഇന്ത്യയുടെ പുതിയ ആക്രമണ ബാറ്റിംഗ് തത്ത്വചിന്തയില്‍ എത്രത്തോളം വിലകല്‍പ്പിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ലോക കപ്പിന് ശേഷം പവര്‍പ്ലേയില്‍ ഇന്ത്യ ഓവറില്‍ മിനിമം ഒമ്പത് റണ്‍സ് എന്ന രീതിയില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. പലപ്പോഴും ബൗണ്ടറികള്‍ക്കായി വിക്കറ്റുകള്‍ അപകടത്തിലാക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സംഘത്തെയാണ് നാം കാണുന്നത്. ഇത് രാഹുലിന്റെ ഇഷ്ടപ്പെട്ട കളി ശൈലിക്ക് നേര്‍വിപരീതമാണ്.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.