ചതിയനായി മാത്രമേ ചരിത്രം ഓര്‍മ്മിക്കൂ, സ്മിത്തിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലീഷ് താരം

മാഞ്ചസ്റ്റര്‍: സ്വന്തം നാട്ടില്‍ ആഷസ് പരമ്പര കൈവിട്ടതിന് പിന്നാലെ അതിന് കാരണക്കാരനായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലീഷ് മുന്‍ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ചതിയനായാവും സ്റ്റീവ് സ്മിത്ത് എക്കാലവും ഓര്‍മ്മിക്കപ്പെടുകയെന്നാണ് ഹാര്‍മിസണ്‍ പറയുന്നത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതാണ് സ്മിത്തിനെ ചതിയനായി വിശേഷിപ്പിക്കാന്‍ ഹാര്‍മിസണ് ധൈര്യം നല്‍കുന്നത്.

“സ്മിത്തിന് മാപ്പ് നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അവര്‍ മൂന്ന് പേരും വഞ്ചിച്ചു എന്ന് ബയോഡാറ്റയില്‍ എഴുതപ്പെട്ടു കഴിഞ്ഞു. സ്മിത്ത് എന്തൊക്കെ നേട്ടങ്ങള്‍ കൊയ്താലും ദക്ഷിണാഫ്രിക്കയില്‍ നടന്ന സംഭവത്തിന്റെ പേരിലാകും ഓര്‍മ്മിക്കപ്പെടുക, സ്മിത്ത്, വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവരുടെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വിരുദ്ധാഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. അവര്‍ ക്രിക്കറ്റിന് അപമാനമുണ്ടാക്കിയതാണ് ഇതിന് കാരണം” ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിനായി 63 ടെസ്റ്റുകള്‍ കളിച്ച താരമാണ് ഹാര്‍മിസണ്‍.

Read more

ആഷസില്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 134.20 ശരാശരിയില്‍ 671 റണ്‍സാണ് സ്മിത്ത് നേടിയത്. മാഞ്ചസ്റ്ററില്‍ അവസാനിച്ച നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 211 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സും സ്മിത്ത് നേടി. 82 ആണ് ഈ ആഷസില്‍ സ്മിത്തിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.