വെല്‍വെറ്റ് ഗ്ലൗസുകളല്ല ഉരുക്കുമുഷ്ടികളാണ് വേണ്ടത്, റൂട്ടിനെ പ്രകോപിപ്പിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന്റെ മനസില്‍ പ്രതികാര ദാഹമാണ്. ലോര്‍ഡ്‌സിലെ തോല്‍വിക്ക് തിരിച്ചടിക്കാതെ ഇംഗ്ലണ്ടിന് അഭിമാനം വീണ്ടെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ഹെഡിങ്‌ലിയില്‍ കൂടുതല്‍ വാശിയോടെ കളിക്കുന്ന ഇംഗ്ലണ്ടിനെ കണ്ടേക്കാം. എന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് അല്‍പ്പംകൂടി കടുപ്പക്കാരനാവണമെന്ന് മുന്‍ഗാമി നാസര്‍ ഹുസൈന്‍ പറയുന്നു. ഇംഗ്ലണ്ടിന്റെ നായകവേഷം ജനപ്രീതി വര്‍ദ്ധിപ്പിക്കാനുള്ള മത്സരമല്ലെന്നും നാസര്‍ ഹുസൈന്‍ തുറന്നടിച്ചു.

ജോ റൂട്ടിന് ഇംഗ്ലണ്ടിന്റെ ഏറ്റവും വിജയിയായ നായകനായി മാറാന്‍ സാധിക്കും. ഇതുവരെ ഞാന്‍ ഞാന്‍ കണ്ടത് മൃദലമായ വെല്‍വെറ്റ് ഗ്ലൗസുകള്‍ അണിഞ്ഞ റൂട്ടിനെയാണ്. എന്നാല്‍ ഹെഡിങ്‌ലിയില്‍ ഉരുക്കുമുഷ്ടികളുള്ള റൂട്ടിനെയാണ് വേണ്ടത്- ഹുസൈന്‍ പറഞ്ഞു.

റൂട്ടിന്റെ ഉള്ളില്‍ ഇപ്പോഴും വിജയദാഹമുണ്ടെന്ന് അറിയാം. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും നിങ്ങള്‍ക്ക് അതു ദര്‍ശിക്കാനാവും. എന്നെപ്പോലെ കോപാകുലനായ നായകനാകാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ റൂട്ടിന് സാധിക്കുമെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.