സോഷ്യല്‍ മീഡിയയും നീളന്‍മുടിയും പാടില്ല; താരങ്ങള്‍ക്ക് ശുക്ലയുടെ പുതിയ ചിട്ടകള്‍

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ല, മമത ബാനര്‍ജി സര്‍ക്കാരിലെ മന്ത്രിപദമൊക്കെ രാജിവച്ച് ഇപ്പോള്‍ ബംഗാള്‍ അണ്ടര്‍ 23 ടീമിനെ കളി പഠിപ്പിക്കുകയാണ്. കോച്ചെന്ന നിലയില്‍ ശുക്ല കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് കൗതുകകരമായിരിക്കുന്നത്.

ബംഗാളില്‍ നിന്ന് കൂടുതല്‍ ക്രിക്കറ്റര്‍മാരെ ഇന്ത്യന്‍ ടീമില്‍ എത്തിക്കുകയാണ് കോച്ചെന്ന നിലയില്‍ ലക്ഷ്മി രത്തന്‍ ശുക്ലയുടെ ലക്ഷ്യം. ചുമതലയേറ്റതിനു പിന്നാലെ 60 കളിക്കാരെ ഉള്‍പ്പെടുത്തി ഫിറ്റ്നസ് ക്യാംപ് സംഘടിപ്പിച്ചു ശുക്ല. ക്യാംപിലെത്തിയ താരങ്ങളോട് നീളന്‍മുടി വെട്ടാനാണ് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റുപോലും പാടില്ലെന്നും ശുക്ല ചട്ടംകെട്ടി. ബംഗാളി ഭാഷ എല്ലാവരും വശമാക്കണമെന്നത് മറ്റൊരു നിര്‍ദേശം. കളിക്കാര്‍ തമ്മിലെ സൗഹൃദവും അടുപ്പവും കൂട്ടാനാണ് ഭാഷയുടെ കാര്യത്തില്‍ ഇത്തരമൊരു നിബന്ധനവച്ചതെന്ന് ശുക്ല പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ താരോദയം എന്ന് വിശേഷിക്കപ്പെട്ട ശുക്ല രാജ്യത്തിന്റെ കുപ്പായത്തില്‍ തിളങ്ങുന്നതില്‍ പരാജയപ്പെട്ടിരുന്നു. വെറും മൂന്ന് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്കായി ശുക്ല കളിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെയും ഭാഗമായിരുന്നു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശുക്ല ബംഗാള്‍ കായിക മന്ത്രിയെന്ന പദവിയും വഹിച്ചു.