ലങ്കന്‍ സൂപ്പര്‍ താരത്തെ ഒരു വര്‍ഷത്തേയ്ക്ക് വിലക്കി ഐ.സി.സി

Advertisement

ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ അകില ധനജ്ഞയയ്ക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐസിസി. സംശയാസ്പദമായ ബൗളിംഗ് ആക്ഷനെ തുടര്‍ന്നാണ് ധനജ്ഞയ്ക്ക് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ ലങ്കയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനജ്ഞയയുടെ ബൗളിംഗ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഓഗസ്റ്റ് 29-ന് പരിശോധനയ്ക്ക് താരത്തെ വിധേയനാക്കി. ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ലങ്കന്‍ സ്പിന്നറുടെ ബൗളിംഗ് ആക്ഷന്‍ നിയമപ്രകാരമുള്ളതല്ലെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ലങ്കയുടെ ടെസ്റ്റിന് ശേഷവും ധനജ്ഞയയുടെ ബൗളിംഗ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുകയും താരത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

2018 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തെങ്കിലും ഫെബ്രുവരിയില്‍ കളിക്കാന്‍ ധനജ്ഞയയ്ക്ക് അനുമതി നല്‍കി. എന്നാല്‍ വീണ്ടും ബൗളിംഗ് ആക്ഷന്‍ താരത്തിന് വിനയായി.