ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറച്ചു, അടുത്ത വര്‍ഷം കളത്തിലിറങ്ങാം

ഐപിഎല്‍ കോഴ വിവാദത്തില്‍ ആജീവനാനന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന് ആശ്വാസവാര്‍ത്ത. ശ്രീശാന്ത് നേരിടുന്ന വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചു. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

36-കാരനായ ശ്രീശാന്തില്‍ ഇനി എത്രകാലം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും താരത്തിന് ഈ നിലപാട് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിന്റെ ശ്രമം.

2013-ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍ പെടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങള്‍ക്കൊപ്പമാണ് സംശയത്തിന്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടര്‍ന്നു. പലതവണ അപ്പീല്‍ നല്‍കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.

മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഈ മാസം ഏപ്രിലില്‍ ഓംബുഡ്‌സ്മാനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

“തന്റെ മുപ്പതുകളുടെ അവസാനത്തിലാണ് ഇപ്പോള്‍ ശ്രീശാന്ത്. ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ തന്റെ സുപ്രധാന വര്‍ഷങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്.””- ഓംബുഡ്‌സ്മാന്‍ പറഞ്ഞു.