ശ്രീശാന്ത് വീണ്ടും സിനിമയിലേക്ക്; ബോളിവുഡ് ചിത്രത്തില്‍ നായക വേഷം

ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് വീണ്ടും സിനിമയിലേക്ക്. ബോളിവുഡ് ചിത്രത്തില്‍ നായകനായാണ് ശ്രീശാന്ത് എത്തുന്നത്. ആര്‍ രാധാകൃഷ്ണന്‍ സംവിധാനവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന് പട്ടാ എന്നാണ് പേരിട്ടിരിക്കുന്നത്.

ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സിബിഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ ബി.സി.സി.ഐ വിലക്ക് നീങ്ങിയ ശ്രീശാന്ത് കേരളത്തിനായി കളിച്ച് തുടങ്ങിയിരുന്നു. ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി ലോക കപ്പ് ടീമില്‍ ഇടംനേടുകയാണ് ശ്രീശാന്തിന്റെ ലക്ഷ്യമെങ്കിലും ബി.സി.സി.ഐ പച്ചക്കൊടി കാണിക്കുമോ എന്നത് സംശയമാണ്. വരുന്ന ഐ.പി.എല്‍ ലേലത്തില്‍ ഏതെങ്കിലും ടീമില്‍ കയറിപ്പറ്റാനായാല്‍ ശ്രീശാന്തിന് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമായേക്കും.