ആരെയൊക്കെയാണ് ടീമിലെടുക്കേണ്ടതെന്ന് പ്രീതി സിന്റ, സ്വന്തം പേര് പറഞ്ഞ് ശ്രീശാന്ത്

14ാം ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ചെന്നൈയില്‍ സമീപിച്ചിരിക്കുകയാണ്. കോടി കിലുക്കത്തില്‍ പുതു ചരിത്രമെഴുതിയാണ് മിനി താരലേലം അവസാനിച്ചത്. ഇപ്പോഴിതാ ലേലത്തിനു മുമ്പ് പഞ്ചാബ് കിംഗ്‌സിന്റെ ഉടമകളില്‍ ഒരാളായ നടി പ്രീതി സിന്റ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും അതിന് മറുപടിയുമായി മലയാളി പേസര്‍ എസ്. ശ്രീശാന്ത് രംഗത്ത് വന്നതും ശ്രദ്ധ നേടിയിരിക്കുകയാണ്.

“ചെന്നൈയില്‍ ഐ.പി.എല്‍ ലേലത്തിനായെത്തി. ഏതൊക്കെ കളിക്കാരെയാണ് പഞ്ചാബ് കിംഗ്‌സില്‍ കാണേണ്ടതെന്ന് പറയൂ” എന്നായിരുന്നു പ്രീതി സിന്റയുടെ പോസ്റ്റ്. എല്ലാവരെയും ഞെട്ടിച്ച് ഇതിന് കമ്ന്റുമായി ശ്രീശാന്തെത്തി. “ലേലത്തില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാലും എന്നെ ടീമിലെടുക്കാം” എന്നായിരുന്നു ശ്രീശാന്തിന്റെ കമന്റ്. എന്നാല്‍ ശ്രീശാന്തിന്റെ കമന്റിനോട് പ്രീതി സിന്റ പ്രതികരിച്ചില്ല.

നേരത്തെ ലേലത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കിലും അന്തിമ പട്ടികവന്നപ്പോള്‍ പുറത്തായിരുന്നു. 1114 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 292 പേരുടെ അന്തിമ പട്ടികയാണ് ബി.സി.സി.ഐ പുറത്തുവിട്ടത്.

ജൈ റിച്ചാര്‍ഡ്‌സന്‍ (14 കോടി), റിലി മെറീഡിത്ത് (8 കോടി), ഷാരൂഖ് ഖാന്‍ (5.25 കോടി), മോയിസസ് ഹെന്റിക്വസ് (4.20 കോടി), ഡേവിഡ് മലാന്‍ (1.5 കോടി), ഫാബിയന്‍ അലന്‍ (75 ലക്ഷം), ജലജ് സക്‌സേന (30 ലക്ഷം), സൗരഭ് കുമാര്‍ (20 ലക്ഷം) ,ഉത്കര്‍ഷ് സിംഗ് (20 ലക്ഷം) എന്നിവരാണ് ഇത്തവണ പഞ്ചാബ് ലേലത്തില്‍ സ്വന്തമാക്കിയത്.