ഞെട്ടിച്ച് ശ്രീശാന്ത്, സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍  താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ചു. വരും തലമുറയിലെ താരങ്ങള്‍ക്കായി താന്‍ മാറികൊടുക്കുകയാണെന്ന് വിരമിക്കല്‍ അറിയിച്ച് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

‘അടുത്ത തലമുറയിലെ താരങ്ങള്‍ക്കായി ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

2013ലെ ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.

ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ടെസ്റ്റില്‍ 85 വിക്കറ്റും, ഏകദിനത്തില്‍ 75 വിക്കറ്റും ടി20 യില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 74 മത്സരങ്ങളില്‍നിന്ന് 213 വിക്കറ്റുകള്‍ സ്വന്തമാക്കി. 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റും ശ്രീ വീഴ്ത്തിയിട്ടുണ്ട്.