അവഗണന, ദക്ഷിണാഫ്രിക്കന്‍ താരം ടീം വിട്ടു, ഇനി കളിക്കുക ഈ ദേശീയ ടീമിനായി

ദക്ഷിണാഫ്രിക്കയുടെ യുവ വാഗ്ദാനം ഡെയ്ന്‍ പീഡിറ്റ് ദേശീയ ടീം ഉപേക്ഷിച്ചു. ഇനി മുതല്‍ അമേരിക്കന്‍ ടീമിനായി കളിക്കാനാണ് പീഡിറ്റിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തുടര്‍ച്ചയായി ഇടംകണ്ടെത്താതെ വന്നതോടെയാണ് താരം അമേരിക്കയിലേക്ക് ചേക്കേറുന്നത്. ദക്ഷിഫ്രിക്കക്കായി ഒന്‍പത് മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് പീഡിറ്റ്.

അമേരിക്കയുടെ ആഭ്യന്തര ട്വന്റി20 ലീഗുകളില്‍ സജീവമാകാനാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് പീഡിറ്റ് പറഞ്ഞു. തുടര്‍ന്ന് അമേരിക്കയെ ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കാനും താന്‍ ശ്രമിക്കുമെന്നും സാമ്പത്തിക നേട്ടം വരുന്നതോടെ ജീവിത ശൈലിയിലും അത് പ്രതിഫലിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത് എനിക്ക് മുന്‍പിലെത്തിയ ഒരു അവസരമാണ്. ഇന്ന് രാവിലെയാണ് അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടത്. അമേരിക്കയിലേക്ക് ഇനി എപ്പോള്‍ പോകാനാവുമെന്ന് അറിയില്ലെന്നും പീഡിറ്റ് പറഞ്ഞു.

ഇങ്ങനെയൊരു തീരുമാനമെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം അടുത്തൊന്നും മത്സരത്തിന് എത്തുന്നില്ല. അവിടേക്ക് ടീം എത്തുമ്പോള്‍ മാത്രമാണ് എന്റെ ടീമിലേക്ക് പരിഗണിക്കുകയെങ്കിലും ചെയ്യുക. ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസറായ റസ്റ്റി തെറോണാണ് തന്നെ അമേരിക്കയുമായി കരാറിലൊപ്പിടാന്‍ സഹായിച്ചതെന്നും പീഡിറ്റ് വ്യക്തമാക്കി..

Read more

2014ലാണ് പീഡിറ്റ് ദക്ഷിണാഫ്രിക്കയ്ക്കായി ഓഫ് സ്പിന്നറായി അരങ്ങേറിയത്. 9 ടെസ്റ്റില്‍ നിന്ന് താരം 26 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ കേശവ് മഹാരാജ്, ഷംസി എന്നിവരെയാണ് ദക്ഷിണാഫ്രിക്ക സ്പിന്നര്‍മാരായി പരിഗണിക്കുന്നത്.