ദയനീയം, നാണംകെട്ട് ടീം ഇന്ത്യ, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 135 റണ്‍സിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. ആറു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ പുതുമുഖ ബൌളര്‍ ലംഗി എങ്ടിയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റ് 72 റണ്‍സിന് ഇന്ത്യ തോറ്റിരുന്നു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയ ലക്ഷ്യത്തിന് മുന്നില്‍ 151 റണ്‍സിന് ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. രോഹിത്ത് 47ഉം മുഹമ്മദ് ഷമ്മി 28 റണ്‍സുമെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

ചേതേശ്വര്‍ പൂജാര (19) പാര്‍ത്ഥീവ് പട്ടേല്‍ (19) ഹാര്‍ദ്ദിക്ക് പാണ്ഡ്യ (6), അശ്വിന്‍ (3), ഭുവനേശ്വര്‍ കുമാര്‍ (2) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സംഭാവന.

നേരത്തെ നാലാം ദിവസം. മുരളി വിജയ് (9), കെ എല്‍ രാഹുല്‍ (4) വിരാട് കോഹ്ലി (5) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

12.2 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് ലംഗി എങ്ടി ആറ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സി ലംഗി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. കിസിഗോ റബാഡ മൂന്നു വിക്കറ്റും വീഴ്ത്തി.

Read more

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 258 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയുമാണ് ദക്ഷിണാഫ്രിക്കയെ 258ല്‍ ഒതുക്കിയത്. ഇശാന്ത് ശര്‍മ രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആതിഥേയര്‍ക്ക് വേണ്ടി ഡിവില്ലിയേഴ്‌സ് (80), ഫഫ് ഡുപ്ലെസിസ് (48) ഡീന്‍ എല്‍ഗര്‍ (61) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി.