കൂറ്റന്‍ സ്‌കോറിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു, ദക്ഷിണാഫ്രിക്കയ്ക്ക് അഗ്നിപരീക്ഷ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. അഞ്ച് വിക്കറ്റിന് 601 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇരട്ട സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

91 റണ്‍സെടുത്ത് ജഡേജ പുറത്തായ ഉടനെയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ പ്രഖ്യാപിച്ചത്. 104 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് ജഡേജ 91 റണ്‍സെടുത്തത്. കോഹ്ലി 254 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 333 പന്ത് നേരിട്ട കോഹ്ലി 33 ഫോറും രണ്ട് സിക്‌സും സഹിതമാണ് ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 245 റണ്‍സാണ് കോഹ്ലിയുടെ ടെസ്റ്റിലെ നേരത്തേയുളള ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് തികച്ച താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. തന്റെ 80-ാം ടെസ്റ്റിലാണ് കോഹ്ലി 7000 റണ്‍സ് ക്ലബിലെത്തിയത്. 139 ഇന്നിംഗ്‌സുകളാണ് 7000 ക്ലബിലെത്താന്‍ കോഹ്ലിയ്ക്ക് വേണ്ടി വന്നത്.

നേരത്തെ ആദ്യ ദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാളും ടീം ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു. ജഡേജയെ കൂടാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനയുടെ (59) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആകെ നഷ്ടമായത്. 168 പന്തില്‍ എട്ട് ബൗണ്ടറി സഹിതമാണ് രഹാന 59 റണ്‍സെടുത്ത്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ മൂന്നും മുത്തുസ്വാമിയും മഹാരാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ആദ്യ ദിവസം ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 14 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാതെ പോയത്. മായങ്ക് അഗര്‍വാള്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. 195 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സാണ് അഗര്‍വാള്‍ സ്വന്തമാക്കിയത്.

പൂജാര 58 റണ്‍സും എടുത്തു. 112 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റും വീഴ്ത്തിയത് കഗിസോ റബാഡയാണ്.

രണ്ട് ടീമുകളിലും ഓരോ മാറ്റം വീതമാണുള്ളത്. ടീം ഇന്ത്യ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവിനെ ടീമിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഡാനെ പിഡെറ്റിന് പകരം ആന്റിച്ച് നോര്‍ജെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ മിന്നും വിജയമാണ് ടീം ഇന്ത്യ സംഘവും പിടിച്ചെടുത്തത്.