രോഹിത് ലോക റെക്കോഡിന് അരികെ, വേണ്ടത് ഒരേ ഒരു വിജയം

ഐപിഎല്‍ അവസാനിക്കുന്നതോടെ ഇ്ന്ത്യന്‍ ടീം നായകനായി രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്ന ലോക റെക്കോഡ്. ടി20യില്‍ തുടര്‍ച്ചയായി 13 ജയം നേടുന്ന നായകനെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20 മത്സരത്തിലെ ആദ്യ മത്സരത്തില്‍ ജയിക്കാനായാല്‍ ഈ റെക്കോഡില്‍ നായകന്‍ രോഹിത് എത്തും.

നിലവില്‍ 12 ജയങ്ങളുമായി ഇന്ത്യ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പമാണ്. ടി20യില്‍ 10 തുടര്‍ ജയത്തിലേക്ക് ടീമിനെ നയിക്കുന്ന നായകനെന്ന ബഹുമതിയും രോഹിത്തിന് കൈയെത്തും ദൂരത്താണ്. വിരാട് കോഹ്‌ലിയില്‍ നിന്ന് രോഹിത് നായകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ടി20യില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്നത്. ജൂണ്‍ 9ന് ഡല്‍ഹിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 12ന് കട്ടക്കിലും മൂന്നാം മത്സരം 14ന് വിശാഖപട്ടണത്തും നാലാം മത്സരം 17ന് രാജ്കോട്ടിലും നടക്കും. 19ാം തിയതി ബംഗളൂരുവിലാണ് അവസാന മത്സരം.

സീനിയര്‍ താരങ്ങളുടെ മോശം ഫോമും സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ടി നടരാജന്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ തുടങ്ങിയവരുടെ പരിക്കും കണക്കിലെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം ഇന്ത്യയ്ക്ക് കഠിനമാണ്.