അവന്മാരെ ഒന്ന് നോക്കി വച്ചോ, ഗാംഗുലി അന്ന് പറഞ്ഞത് ക്രിക്കറ്റ് ലോകം ഇന്ന് ഒന്നടങ്കം പറയുന്നു!

കൗമാര ക്രിക്കറ്റില്‍ മുത്തമിട്ട ഇന്ത്യയുടെ ചുണക്കുട്ടികളെ കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും ക്രിക്കറ്റ് ലോകത്ത് പൊടിപൊടിക്കുകയാണ്. അവയില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത് തീതുപ്പും ബോളുകളുമായി ബാറ്റ്‌സ്മാന്‍മാരുടെ അന്ധകരായ കമലേഷ് നാഗര്‍കോട്ടിയും, ശിവം മവിയുമാണ്. മണിക്കൂറില്‍ 149 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന നാഗര്‍കോട്ടിയും 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന മവിയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വിജയ പ്രയാണത്തില്‍ ഇവരുടെ പ്രകടനം ഏറെ നിര്‍ണായകമായി.

ഇന്ത്യന്‍ മുന്‍ നായകനായ സൗരവ് ഗാംഗുലി പോലും ഇരുവരെയും നിരീക്ഷിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരില്‍ ഒരു കണ്ണ് വയ്ക്കണമെന്നായിരുന്നു എന്ന് അന്ന് ഗാംഗുലി ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ താരങ്ങളുടെ ബോളിങ് വേഗതയില്‍ ഓസീസ് താരം ജാക്ക് എഡ്വേഡ്‌സും അതിശയം പ്രകടിപ്പിച്ചു. “സ്പിന്നില്‍ ആയിരിക്കും ഇന്ത്യയുടെ ശക്തിയെന്നാണ് ഞങ്ങള്‍ ധരിച്ചത്. എന്നാല്‍ കണിശമായ വേഗതയായിരുന്നു ഫാസ്റ്റ് ബോളര്‍മാര്‍ക്ക്” അദ്ദേഹം വിലയിരുത്തി.

“വേഗതയില്‍ പന്തെറിയാനാണ് അവന്‍ ജനിച്ചത്”, എന്നായിരുന്നു പരിശീലകനായ സുരേന്ദ്ര റാത്തോഡ നാഗര്‍കോട്ടിയുടെ പ്രകടനത്തോട് പ്രതികരിച്ചത്. ആറു മാച്ചുകളില്‍ നിന്നായി വെറും 147 റണ്‍സ് വിട്ടു നല്‍കി ഒന്‍പത് വിക്കറ്റുകളാണ് നാഗര്‍കോട്ടി നേടിയത്. പതിനാല് വിക്കറ്റുകള്‍ നേടിയ അങ്കുല്‍ റോയിയാണ് പ്രകടനവും വിസ്മരിക്കാനാവില്ല.

Read more

അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ട് കൗമാരതാരങ്ങള്‍ അരങ്ങ് വിടുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ നിറഞ്ഞ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ലോക ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളും അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷായുടെ നേതൃപാടവവും ഒത്തുച്ചേര്‍ന്നപ്പോള്‍ കൗമാരപോരാട്ടം ഭാവിയിലേക്കുള്ള ശുഭ പ്രതീക്ഷകളുടെ പുത്തന്‍ വാതായനം തുറന്നിരിക്കുന്നു.