'ചില ദിവസങ്ങളില്‍ തന്റെ ശരീരത്തില്‍ അമ്മ കയറും'; പ്രേതാനുഭവം വെളിപ്പെടുത്തി ഗാംഗുലി

ഗ്രൗണ്ടില്‍ എതിരാളികളെ വീറോടെ നേരിട്ട സൗരവ്‌ ഗാംഗുലി പ്രേതത്തെ കണ്ട് പേടിച്ച സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? രണ്ട് വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ്‌കീഡയുടെ ഫ്രീ ഹിറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത ഗാംഗുലി കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന പ്രേതാനുഭവം പങ്കുവെച്ചിരുന്നു.

‘ചെറുപ്പത്തില്‍ ഞാന്‍ എന്റെ വീട്ടില്‍ വെച്ച് പ്രേതത്തെ കണ്ടിട്ടുണ്ട്. അന്ന് എന്റെ വീട്ടില്‍ സഹായത്തിനായി ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം ഞാന്‍ കുടുംബാംഗങ്ങളോടൊപ്പം മുകളിലെ നിലയില്‍ ഇരിക്കുകയായിരുന്നു. അന്നെനിക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ് പ്രായം കാണും. എല്ലാവര്‍ക്കും ചായ വേണമെന്ന് വേലക്കാരനോട് പറയാനായി ഞാന്‍ അടുക്കളയിലേക്ക് പോയി.’

‘ഞാന്‍ അടുക്കളയില്‍ ചെന്നു നോക്കിയപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. അയാളെ അടുക്കളയില്‍ കാണാനില്ലെന്ന് ഞാന്‍ വീട്ടുകാരോട് പറഞ്ഞു. ടെറസിലുണ്ടാകും, അവിടെ പോയി നോക്കൂ എന്നായിരുന്നു വീട്ടുകാരുടെ മറുപടി. അവിടെ നോക്കിയപ്പോഴും കണ്ടില്ല.’

‘അന്ന് വീടിനു ചുറ്റും ഏതാനും കുടിലുകളുണ്ടായിരുന്നു. അവിടെ നോക്കാമെന്നു കരുതി പോകുമ്പോള്‍ ടെറസിന്റെ വക്കിലൂടെ അയാള്‍ അതിവേഗം ഓടുന്നതു കണ്ടു. ആറു നിലയുള്ള കെട്ടിടമായിരുന്നു അത്. അവിടെ നിന്നെങ്ങാനും താഴെ വീണാല്‍ പൊടി പോലും കിട്ടില്ലെന്ന് ഉറപ്പ്. വക്കിലൂടെ ഓടാതെ ഇറങ്ങി വരാന്‍ ഞാന്‍ അലറി. ഫലമുണ്ടായില്ല. ഇതോടെ ഞാന്‍ ഓടി അങ്കിളിന്റെ അടുത്തെത്തി. അയാള്‍ക്ക് ഭ്രാന്തു പിടിച്ചെന്ന് തോന്നുവെന്ന് പറഞ്ഞു.’

‘ഞാന്‍ എല്ലാവരെയും കൂട്ടി തിരിച്ചെത്തിയെങ്കിലും അയാളെ കണ്ടില്ല. മുകളിലൂടെ ഓടുന്നതിനിടെ ഏതെങ്കിലും ഭാഗത്ത് വീണു പോയിരിക്കാമെന്ന് ഞങ്ങള്‍ ഊഹിച്ചു. വീണിട്ടുണ്ടെങ്കില്‍ മരിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതോടെ എവിടെയാണ് വീണു കിടക്കുന്നതെന്ന് ഞങ്ങള്‍ തിരഞ്ഞു.’

‘അന്ന് ഞങ്ങളുടെ വീടിനോടു ചേര്‍ന്ന് വലിയ പനകള്‍ കുറേ ഉണ്ടായിരുന്നു. തിരച്ചിലിനിടെ ഞങ്ങള്‍ നോക്കുമ്പോഴുണ്ട്, ആ പനകളിലൊന്നിന്റെ ഓലയില്‍ അയാള്‍ കിടക്കുന്നു. അന്ന് അയാള്‍ക്ക് ഏതാണ്ട് 30 വയസ്സോളം പ്രായമുണ്ടെന്ന് ഓര്‍ക്കണം. ഉടന്‍ തന്നെ അയാളെ താഴെയിറക്കാന്‍ ഫയല്‍ ഫോഴ്‌സിനെ വിളിച്ചു. ഞങ്ങളെല്ലാവരും താഴെയിറങ്ങാന്‍ അയാളെ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. അനുനയിപ്പിക്കാന്‍ കഴിയാതെ പോയതോടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഏണിവെച്ച് പനയില്‍ കയറി. തുടര്‍ന്ന് കയറു കൊണ്ട് ബന്ധിച്ചാണ് അയാളെ താഴെയെത്തിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി.’

‘പിറ്റേന്ന് വൈകുന്നേരം അയാള്‍ വീണ്ടും ജോലിക്കെത്തി. എന്നാല്‍ അയാളെ കണ്ടതോടെ ഞങ്ങളെല്ലാവരും ഭയന്ന് ഓടാന്‍ തുടങ്ങി. ആരും ഓടരുതെന്ന് അയാള്‍ അപേക്ഷിച്ചു. ചില ദിവസങ്ങളില്‍ തന്റെ ശരീരത്തില്‍ അമ്മ കയറുമെന്നും അതുകൊണ്ടാണ് ഇന്നലെ അസാധാരണമായി പെരുമാറിയതെന്നും അയാള്‍ പറഞ്ഞു’ ഗാംഗുലി ഓര്‍ത്തെടുത്തു.