എന്നെ നായകൻ ആക്കാതിരിക്കാൻ ചിലർ ശ്രമിച്ചിരുന്നു, അതൊരു വലിയ കളിയായിരുന്നു

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പോരാളികളിൽ ഒരാളാണ് യുവരാജ് സിംഗ്. നാറ്റ്‌വെസ്റ്റ് ട്രോഫിയിൽ ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ച പ്രകടനത്തിൽ തുടങ്ങുന്നു, ഇത്തരം ആവേശ പ്രകടനങ്ങൾ. പിന്നീട് 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യൻ കിരീടവിജയത്തിന്റെ നട്ടെല്ലായ പ്രകടനങ്ങൾ ആരാധകർ എങ്ങനെ മറക്കും? ക്യാൻസറിനോട് പടവെട്ടി ഇന്ത്യയെ 2011 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ പോരാട്ടവീര്യം ആരും മറക്കില്ല. ഇപ്പോൾ ഇതാ തന്റെ കൈയിൽ നിന്ന് എങ്ങനെയാണ് നായകസ്ഥാനം പോയതെന്ന് വെളിപ്പെടുത്തുകയാണ് യുവരാജ്.

“ഞാൻ ക്യാപ്റ്റൻ ആകേണ്ടതായിരുന്നു. പിന്നീട് ഗ്രെഗ് ചാപ്പൽ വിവാദം നടന്നത്. ഒന്നെങ്കിൽ ചാപ്പൽ അല്ലെങ്കിൽ സച്ചിൻ എന്ന തരത്തിൽ ആയിരുന്നു അപ്പോൾ കാര്യങ്ങൾ. എന്നാൽ ഞാൻ സച്ചിനെയാണ് പിന്തുണച്ചത് , അത് ബിസിസിയിലെ ചില ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കണം, പക്ഷേ എന്നെയല്ല എന്ന് പറഞ്ഞു. ഇതാണ് ഞാൻ കേട്ടത്. ഇത് എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. പെട്ടെന്ന് എന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റി. സെവാഗ് ടീമിൽ ഉണ്ടായിരുന്നില്ല. അതിനാൽ, 2007 ലെ ടി20 ലോകകപ്പിന് മഹി പെട്ടെന്ന് നായകനായി . ഞാൻ ക്യാപ്റ്റനാകുമെന്ന് വിചാരിച്ചത് ,” സ്‌പോർട്‌സ് 18 ലെ അഭിമുഖത്തിനിടെ സിംഗ് സഞ്ജയ് മഞ്ജരേക്കറോട് പറഞ്ഞു.

” കുറച്ചു കഴിഞ്ഞപ്പോൾ, മഹി ക്യാപ്റ്റൻസിയിൽ മികച്ചു നിൽക്കുന്നത് ഞാൻ കണ്ടു . ഏകദിന ക്രിക്കറ്റിൽ നയിക്കാൻ പറ്റിയ ആളായിരുന്നു അദ്ദേഹം. പിന്നെ എനിക്ക് ഒരുപാട് പരിക്കേൽക്കാൻ തുടങ്ങി. എന്നെ ക്യാപ്റ്റനാക്കിയാലും കളിയ്ക്കാൻ പറ്റുമായിരുന്നില്ല .ഇന്ത്യയുടെ ക്യാപ്റ്റൻസി ഇല്ലാത്തതിൽ എനിക്ക് ഖേദമില്ല. അതൊരു വലിയ ബഹുമതിയാകുമായിരുന്നു. എന്നാൽ ഞാൻ എപ്പോഴും എന്റെ സഹതാരത്തെ തിരഞ്ഞെടുക്കും, അവന്റെ സ്വഭാവത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ എപ്പോഴും എന്റെ സഹതാരത്തിന് വേണ്ടി നിലകൊള്ളും.”

Read more

2007 ലോകകപ്പിന് തൊട്ടു മുമ്പായി രാഹുല്‍ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി തന്നെ പുതിയ ക്യാപ്റ്റനാക്കാന്‍ ചാപ്പല്‍ പദ്ധതിയിട്ടിരുന്നുവെന്ന് സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു . തന്നെ കൂട്ടുപിടിച്ച് ദ്രാവിഡിനെതിരെ നീക്കം നടത്താനുള്ള ചാപ്പലിന്റെ നടപടി സച്ചിനെ ഞെട്ടിച്ചു. വീട്ടിലെത്തിയാണ് ചാപ്പല്‍ സച്ചിനുമായി തന്റെ അണിയറ നീക്കത്തെ കുറിച്ച് മനസ് തുറന്നത്. ഇത് സച്ചിനൊപ്പം കേള്‍ക്കാന്‍ ഭാര്യ അഞ്ജലിയുമുണ്ടായിരുന്നു. രണ്ട് പേരും ഞെട്ടലോടെയാണ് ചാപ്പലിന്റെ കുതന്ത്രങ്ങള്‍ കേട്ടിരുന്നത് എന്നുമൊക്കെ ചാപ്പലിന് എതിരെ സച്ചിൻ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.