സ്മൃതി മന്ദാനയ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി; മിതാലി രാജിന് നിരാശ

വുമണ്‍സ് ചാലഞ്ചര്‍ ട്രോഫി ടൂര്‍ണമെന്റില്‍ സമൃതി മന്ദാനയ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി. ഇന്ത്യ റെഡ്‌സിനെതിരേ നടന്ന മത്സരത്തില്‍ 123 ബോളില്‍ നിന്ന് പത്ത് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 100 റണ്‍സെടുത്ത് ഇന്ത്യ ബ്ലൂസിനെ മന്ദാന ജയത്തിലേക്കെത്തിച്ചു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യം ബാറ്റ് ചെയ്ത് മിതാലി രാജ് നയിച്ച ഇന്ത്യ റെഡ്‌സിനെ 199 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ബ്ലൂസ് വനിത വിആര്‍, സ്മൃതി മന്ദാന, മോന മെഷ്‌റം എന്നിവരുടെ ബാറ്റിങ് മികവിലാണ് എട്ട് വിക്കറ്റിന് തോല്‍പ്പിച്ചത്. ഇന്നിങ്‌സിന്റെ 97, 99 റണ്‍സില്‍ പുറത്താകാനിരുന്ന മന്ദാനയ്ക്ക് ഭാഗ്യം തുണയ്ക്കുകയായിരുന്നു.

ദീപ്തി ശര്‍മ 29, മിതാലി രാജ് 72 എന്നിവരുടെ ബാറ്റിങ്ങാണ് റെഡ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂസിന് വേണ്ടി ഓപ്പണര്‍മാരായ വനിതാ വിആറും സ്മൃതി മന്ദാനയും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ ബാറ്റുവീശി. 45 റണ്‍സില്‍ നില്‍ക്കെ പൂനം യാദവിന്റെ ബോളിലാണ് വനിത പുറത്തായത്.