കോഹ്ലി കരുതിയിരിക്കുക, ആ സിംഹാസനം സ്വന്തമാക്കാന്‍ സ്മിത്ത് ഒരുങ്ങുന്നു

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ്. രണ്ടാം സ്ഥാനത്തേക്കാണ് സ്മിത്ത് കുതിച്ച് കയറിയത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസനെ പിന്തള്ളിയാണ് സ്മിത്തിന്റെ കുതിപ്പ്.

ആഷസിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് ഗുണമായത്. ആഷസിലെ മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സ്മിത്ത് നേടിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെയാണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. സ്മിത്തിന്റെ കുതിപ്പ് റാങ്കിംഗില്‍ കോഹ്ലിയ്ക്ക് കനത്ത ഭീഷണിയാണ്. സ്മിത്തും കോഹ്ലിയും തമ്മില്‍ 9 പോയന്റ് വ്യത്യാസം മാത്രമാണ് ഉളളത്

കെയ്ന്‍ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം കോഹ്ലിയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇതോടെ നിര്‍ണായകമായി.

ബൗളര്‍മാരില്‍ 914 പോയിന്റുമായി ഓസീസ് താരം പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. കരിയറിലെ മികച്ച പോയിന്റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. ഇരുവരും യഥാക്രമം അഞ്ച്, പത്ത് സ്ഥാനങ്ങളിലാണ്.